'ഇന്ത്യാ സഖ്യത്തിന്റെ ഫ്ളോപ് ഷോ, എഐ ചിത്രം പോലും നേരെ ഉണ്ടാക്കാനറിയില്ല', പരിഹസിച്ച് ബിജെപി
ന്യൂ ഡല്‍ഹി: ഇന്ത്യ സഖ്യം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ രാം ലീലാ മൈതാനത്ത് സംഘടിപ്പിച്ച ഡല്‍ഹി ചലോ മഹാറാലിയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി. പ്രതിപക്ഷ റാലി ഒരു ഫ്ളോപ്പ് ഷോ ആയി മാറിയെന്നും രാം ലീലാ മൈതാനത്തിന്റെ വലിയൊരു ഭാഗവും ശൂന്യമായിരുന്നുവെന്നും ബിജെപി വക്താവ് സാംപിത് പത്ര മാധ്യമങ്ങളോട് പ്രതികരിച്ചു.
10 ലക്ഷത്തോളം ആളുകളുണ്ടാവും എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ രാം ലീല മൈതാനത്തിന്റെ 40 ശതമാനവും കാലിയായി കിടക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്ന സമയത്ത് ആളുകള്‍ സ്ഥലം വിട്ടു. ഫോട്ടോ എടുത്തതില്‍ ട്രിക്ക് കാണിച്ച് വലിയ ജനക്കൂട്ടം ഉണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയാണ്. ഇത്തരം തന്ത്രങ്ങള്‍ ഒരാളെയും പ്രധാനമന്ത്രിയാക്കില്ല, സാംപിത് പത്ര പറഞ്ഞു.
അതിനിടെ രാംലീല മൈതാനത്ത് നടന്ന പൊതു സമ്മേളനത്തിന്റെ എഐ ചിത്രം പങ്കുവെച്ച് വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ്. തെലങ്കാനയില്‍ നിന്നുളള കോണ്‍ഗ്രസ് എംപിയായ വംശി ഗദ്ദാം, മുന്‍ എംപിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ജഗ്ദീഷ് ഠാക്കൂര്‍ അടക്കമുളള നേതാക്കളും നിരവധി കോണ്‍ഗ്രസ് അനുകൂലികളുമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ജനക്കൂട്ടത്തിന്റെ എഐ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ബിജെപി ആയുധമാക്കിക്കഴിഞ്ഞു.

റാലിയില്‍ വന്‍ ജനക്കൂട്ടമുണ്ടായെന്ന് കാണിക്കാന്‍ പ്രതിപക്ഷത്തിന് എഐയെ ആശ്രയിക്കേണ്ടി വന്നുവെന്ന് ഈ ചിത്രം എക്സില്‍ പോസ്റ്റ് ചെയ്ത് കൊണ്ട് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പരിഹസിച്ചു. രാം ലീല മൈതാനം നിറഞ്ഞ് കവിഞ്ഞുവെന്ന് കാണിക്കാന്‍ ഉണ്ടാക്കിയ വ്യാജ എഐ ചിത്രം പോലും വൃത്തിക്ക് നിര്‍മ്മിക്കാന്‍ കോണ്‍ഗ്രസിന്റെ വ്യാജ നിര്‍മ്മിതി ടീമിന് സാധിച്ചിട്ടില്ല, കിരണ്‍ റിജുജു ചിത്രത്തിനൊപ്പം കുറിച്ചു.
ഇന്ത്യാ സഖ്യത്തിന്റെ റാലിക്ക് ആളില്ലെന്നുളള ബിജെപി പ്രചാരണത്തിന് ആക്കം കൂട്ടുന്നതായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പങ്കുവെച്ചിരിക്കുന്ന എഐ ചിത്രം. രാം ലീല മൈതാനത്തിലെതെന്ന് അവകാശപ്പെടുന്ന ആളൊഴിഞ്ഞ കസേരകളുടേത് അടക്കമുളള ചിത്രങ്ങളും ബിജെപി ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം ജനം തിങ്ങി നിറഞ്ഞ രാം ലീല മൈതാനത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് ബിജെപിക്ക് കോണ്‍ഗ്രസ് മറുപടി നല്‍കിയിരിക്കുന്നത്. ലക്ഷങ്ങളാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുളള പ്രതിഷേധത്തില്‍ പങ്കെടുത്തത് എന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു.


Click it and Unblock the Notifications
