75-ാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; രാഷ്ട്രപതി പതാക ഉയര്‍ത്തും, ഡല്‍ഹിയില്‍ അതീവ സുരക്ഷ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിനം ഇന്ന്. കര്‍ത്തവ്യപഥില്‍ രാവിലെ എട്ട് മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയ പതാക ഉയര്‍ത്തുന്നതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി. കര്‍ത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് പരേഡിന് 77,000 പേരെങ്കിലും സാക്ഷ്യം വഹിക്കാന്‍ എത്തിയേക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
വലിയ സുരക്ഷാ വിന്യാസങ്ങളാണ് രാജ്യത്തെമ്പാടും സജ്ജീകരിച്ചിരിക്കുന്ന്. വിപുലമായ ഒരുക്കങ്ങളാണ് റിപ്പബ്ലിക് ദിനത്തിനായി ഡല്‍ഹിയില്‍ നടത്തിയിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ കൂടാതെ വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കും റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണമുണ്ട്. രാജ്യത്തിന്റെ പ്രതിരോധശേഷി വിളിച്ചോതുന്ന സൈന്യത്തിന്റെ അഭ്യാസ പ്രകടനങ്ങളും കര്‍ത്തവ്യപഥില്‍ അരങ്ങേറും.

അതേസമയം റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടപ്പാക്കുന്ന ട്രാഫിക് ക്രമീകരണങ്ങള്‍ സംബന്ധിച്ച് പൊലീസ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. റിപ്പബ്ലിക് ദിന ചടങ്ങുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നഗരത്തിലെ ഗതാഗത നിയന്ത്രണം ലഘൂകരിക്കാന്‍ കഴിയും എന്നാണ് ഡല്‍ഹി പൊലീസിന്റെ വിലയിരുത്തല്‍. ഡല്‍ഹി പൊലീസിന് പുറമെ സൈനിക അര്‍ധ സൈനിക വിഭാഗങ്ങളെയും സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ രാവിലെ 8.30-ന് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍ സി സി, സ്‌കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും,
ഇതിന് ശേഷം ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയും ചെയ്യും. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇന്ത്യന്‍ വ്യോമസേന ഹെലികോപ്ടറില്‍ ആകാശത്ത് പുഷ്പവൃഷ്ടി നടത്തും. റിപ്പബ്ലിക് ദിന പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ ദേശഭക്തിഗാനലാപനം ഉണ്ടായിരിക്കും. തലസ്ഥാനത്തെ ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടിയും ഗവര്‍ണറോടൊപ്പം പങ്കെടുക്കും.
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കും. ഒമ്പതരയോടെ നിയമസഭയില്‍ സ്പീക്കര്‍ എ എന്‍ ഷംസീറും രാജ്ഭവനില്‍ ഗവര്‍ണറും പതാക ഉയര്‍ത്തും. പത്തരയോടെയാണ് കെ പി സി സി ആസ്ഥാനത്ത് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ ദേശീയ പതാക ഉയര്‍ത്തുക.












Click it and Unblock the Notifications