യുഎസിന് പൊള്ളും; വീണ്ടും അടുക്കാൻ ഇന്ത്യയും ചൈനയും..ഒപ്പം റഷ്യയും?
ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ അടുത്ത മാസം പുനരാരംഭിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. എയർ ഇന്ത്യ, ഇൻഡിഗോ പോലുള്ള വിമാന കമ്പനികളോട് ചൈനയിലേക്ക് അടിയന്തരമായി സർവീസ് നടത്താൻ തയ്യാറായിരിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതി ചൈന ലഘൂകരിച്ചതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് ഇന്ത്യയും ചൈനയോട് അടുക്കുകയാണെന്ന് സൂചന നൽകുന്ന വാർത്തകൾ പുറത്തുവരുന്നത്. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ യുഎസ് നീക്കങ്ങൾ കടുപ്പിക്കുന്നതിനിടെയാണ് ഇരു രാജ്യങ്ങളും കൈകോർക്കുന്നതെന്നതും ശ്രദ്ധേയമാണ്.
കോവിഡ്-19 മഹാമാരിയെത്തുടർന്നായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വ്യോമ ബന്ധം നിർത്തിവെച്ചത്. 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലുണ്ടായ സൈനിക ഏറ്റുമുട്ടലിന് ശേഷം ഇന്ത്യ-ചൈന ബന്ധം വഷളായിരുന്നു. പതിറ്റാണ്ടുകൾക്കിടയിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലായിരുന്നു അത്. ഈ സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തേയും സാരമായി ബാധിച്ചു. ഏറ്റുമുട്ടലിന് ശേഷം ചൈനയും ഇന്ത്യയും നിയന്ത്രണരേഖയിൽ സൈനിക വിന്യാസം വർദ്ധിപ്പിക്കുകയും നിരവധി തവണ സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുകയും ചെയ്തു. നിരന്തര ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ വർഷമാണ് കിഴക്കൻ ലഡാക്കിലെ ദെപ്‌സാങ്ങിലും ഡെംചോക്കിലും സൈനിക പിന്മാറ്റം നടന്നത്.

ഗാൽവാൻ സംഘർഷത്തിന് ശേഷം ചൈനയ്ക്കെതിരായ നടപടികൾ ഇന്ത്യ കടുപ്പിച്ചിരുന്നു. ഇന്ത്യയിലെ ചൈനീസ് നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായിരുന്നു ഇതിൽ പ്രധാനം. കൂടാതെ ഇറക്കുമതികളിൽ കൂടുതൽ സൂക്ഷ്മ പരിശോധന ഏർപ്പെടുത്തുകയും വിമാന സർവ്വീസുകൾ നിർത്തിവെയ്ക്കുകയും ചെയ്തു. ഇതെല്ലാം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ ഉലയാൻ കാരണമായി. അതേസമയം സമീപ മാസങ്ങളിൽ ഉഭയകക്ഷി ബന്ധത്തിൽ ചെറിയ പുരോഗതികൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ ചൈനീസ് പൗരൻമാർക്ക് വിനോദസഞ്ചാരത്തിനുള്ള വിസ അനുവദിക്കുന്നതിലേർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യ നീക്കിയിരുന്നു.
മോദി ചൈനയിലേക്ക്
ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈനയിലെ ടിയാൻജിൻ സന്ദർശിക്കും. 2019-ന് ശേഷം ഇതാദ്യമായാണ് മോദി ചൈന സന്ദർശിക്കുന്നത്. മോദിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത ചൈന, ഉച്ചകോടി ഐക്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും ഫലപ്രദമായ കൂടിക്കാഴ്ചയായിരിക്കുമെന്ന് പ്രതികരിച്ചു.
ഇന്ത്യയും ചൈനയും റഷ്യയും അടുക്കുന്നു; ലക്ഷ്യം യുഎസ്?
യുക്രൈൻ യുദ്ധം ആരംഭിച്ചതd മുതൽ റഷ്യ ചൈനയുമായി സാമ്പത്തികമായും രാഷ്ട്രീയമായും കൂടുതൽ അടുപ്പം പുലർത്തുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾ റഷ്യയെ ചൈനയുമായുള്ള ബന്ധം ദൃഢമാക്കാൻ പ്രേരിപ്പിച്ചുവെന്ന് വേണമെങ്കിൽ പറയാം. മറുവശത്ത്, റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിനും യുക്രൈൻ വിഷയത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതിനും ഇന്ത്യക്ക് അമേരിക്കയിൽ നിന്ന് കടുത്ത സമ്മർദ്ദം നേരിടേണ്ടിവരുന്നുണ്ട്.
വ്യാപാരം, സാങ്കേതികവിദ്യ, തായ്‌വാൻ തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കയുമായി വർദ്ധിച്ചുവരുന്ന സംഘർഷത്തിലാണ് ചൈന. ഈ സാഹചര്യങ്ങളെല്ലാം ചേർന്നാണ് റഷ്യയും ചൈനയും ഇന്ത്യയും തമ്മിലൊരു "സൗകര്യസഖ്യം" രൂപപ്പെടാൻ കളമൊരുങ്ങുന്നത്. പ്രായോഗിക സഹകരമാണ് രാഷ്ട്രങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്.
സമീപകാലത്ത് അമേരിക്ക ജപ്പാൻ, ഓസ്‌ട്രേലിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളുമായി സഖ്യങ്ങൾ രൂപീകരിച്ചും ക്വാഡ് (ഇന്ത്യയും ഉൾപ്പെടുന്നു) പോലുള്ള കൂട്ടായ്മകൾ പ്രോത്സാഹിപ്പിച്ചും ഏഷ്യാ-പസഫിക് മേഖലയിലെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ചൈനയുമായും റഷ്യയുമായും ഒരുപോലെ നല്ല ബന്ധം നിലനിർത്തുന്ന ഇന്ത്യയുടെ നിലപാട് വാഷിംഗ്ടണിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നുണ്ട്. ഈ മൂന്ന് ശക്തികൾ തമ്മിലുള്ള പരിമിതമായ സഹകരണം പോലും മേഖലയിലെ അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യങ്ങളെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.












Click it and Unblock the Notifications