ഇന്ത്യയിൽ കോവിഡ് തലകുനിക്കുന്നോ? കേസുകൾ കുറയുന്നു: 8,013 പേർക്ക് പുതിയതായി രോഗം
ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. പുതുതായി 8,013 പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഇതോടെ, ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ 10,000 ത്തിൽ താഴെയായി. ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 42,924,130 ആണ്.
അതേസമയം, കഴിഞ്ഞ ഡിസംബർ 28 നായിരുന്നു കൊവിഡ് കേസുകൾ 10000 ത്തിൽ താഴെ എത്തിയിരുന്നത്. ഡിസംബർ 28 ന് 9,195 കൊവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചിരുന്നത്.

എന്നാൽ, തുടർച്ചയായി 22 ദിവസമായി പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് രാജ്യത്ത് 119 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ , പ്രതിദിന മരണങ്ങൾ 100 - ന് മുകളിൽ എത്തി. ഇതോടെ ആകെ മരണം 513,843 ആണ്. മരണ നിരക്ക് 1.20 ശതമാനമാണ്.
അതേസമയം, രാജ്യത്ത് നിലവിൽ 1,02,601 സജീവ കോവിഡ് കേസുകളുണ്ട്. 0.24 ശതമാനമാണ് സജീവമായ കേസുകൾ. 24 മണിക്കൂറിനുള്ളിൽ സജീവമായ കോവിഡ് കേസുകളുടെ എണ്ണത്തിൽ 8,871 കുറവുണ്ടായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.17 ശതമാനവുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,765 പേർ രോഗമുക്തി നേടി. ഇതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 4,23,07,686 ആയി ഉയർന്നു. നിലവിൽ രോഗമുക്തി നിരക്ക് 98.56 ശതമാനം ആണ്.
അതേസമയം, ഡൽഹിയിൽ സ്വകാര്യ കാറിൽ മാസ്‌ക് ധരിക്കാത്ത യാത്ര ചെയ്യാൻ കഴിയുന്ന ഉത്തരവ് ഇന്ന് പ്രബല്യത്തിൽ വന്നു. ഡൽഹി സർക്കാരാണ് പുതിയ അറിയിപ്പ് പുറത്ത് വിട്ടത്. എല്ലാ കൊവിഡ് നിയന്ത്രണങ്ങളും ഡൽഹിയിൽ നീക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ഉത്തരവ്. ഇനി മുതൽ നാല് ചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് മാസ്ക്ക് ബാധകമല്ലെന്ന് ഉത്തരവിൽ പറയുന്നു. അതേസമയം, പൊതു സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കുന്നത് തുടരണം.
കൊവിഡ് രോഗ വ്യപനം ഉയർന്ന സാഹചര്യത്തിൽ കാറിൽ ഒറ്റയ്ക്ക് പോകുന്ന യാത്രക്കാരനും മാസ്ക്ക് ധരിക്കണം എന്ന് നിർബന്ധമായിരുന്നു. കാറിനുള്ളിൽ മാസ്‌ക് ധരിക്കുന്നതിൽ ഡ്രൈവർമാർക്ക് ഇളവ് നൽകിയിരുന്നു. ഈ മാസം ആദ്യമാണ് ഉത്തരവ് പ്രബല്യത്തിൽ വന്നിരുന്നത്.
അതേസമയം, ഡൽഹിയിൽ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കിയതായി ഡൽഹി സർക്കാർ അറിയിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തെ തുടർന്നാണ് നടപടി ഉണ്ടായത്. ഡൽഹിയിലെ രാത്രി കർഫ്യൂ പിൻവലിച്ചു. തലസ്ഥാനത്തെ എല്ലാ സ്കൂളുകളോടും ഏപ്രിൽ മുതൽ നേരിട്ടുളള ക്ലാസുകൾ പുനരാരംഭിക്കാമെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ, പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ 2000 രൂപയിൽ നിന്ന് 500 രൂപയായി കുറച്ചിട്ടുണ്ട്.












Click it and Unblock the Notifications