കോവിഡ് വ്യാപനത്തിനൊപ്പം മരണനിരക്കും ഉയരുന്നു; രാജ്യത്ത് പ്രതിദിന മരണം 5000 കടക്കും
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നിരിക്കുകയാണ്. പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർധനവ് മരണനിരക്കിലും പ്രതിഫലിച്ച് തുടങ്ങിയത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പ്രതിദിന കോവിഡ് മരണ നിരക്ക് 5000 കടക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
മെയ് പകുതിയോടെ ഇന്ത്യയിൽ കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5000 കടക്കും. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മൂന്ന് ലക്ഷത്തിലധികം പേർ കോവിഡ് മൂലം മരിക്കുമെന്നാണ് പഠനം പറയുന്നത്. 'കോവിഡ് 19 പ്രൊജക്ഷൻസ്' എന്ന പേരിൽ വാഷിങ്ടൺ യൂനിവേഴ്സിറ്റിയിലെ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷനാണ് പഠനം നടത്തിയത്.

അതേസമയം കോവിഡ് വ്യാപനത്തിന്രെ രണ്ടാം തരംഗത്തെ തടയാൻ വാക്സിന് സാധിക്കുമെന്നും ഏപ്രിൽ 15ന് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. വരുന്ന ആഴ്ചകളിൽ കോവിഡ് ഇന്ത്യയിൽ കൂടുതൽ രൂക്ഷമാകുമെന്നും യൂനിവേഴ്സിറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്. ജൂലൈ അവസാനത്തോടെ ഇന്ത്യയിലെ കോവിഡ് മരണം ആറ് ലക്ഷം കടക്കുമെന്നും റിപ്പോർട്ടുണ്ട്.
നിലവിൽ പ്രതിദിനം 2000ന് മുകളിൽ ആളുകൾ കോവിഡ് മൂലം മരിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2263 മരണംകൂടി കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ മരണസംഖ്യ 1,86,920 ആയി. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1.93,279 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി.
1,62,63,695 കോവിഡ് കേസുകളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,36,48,159 പേർ രോഗമുക്തി നേടിയപ്പോൾ 24,28,616 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ആശുപത്രികളെല്ലാം കോവിഡ് രോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലയിടത്തും രോഗികളുടെ വലിയ ക്യൂവാണുള്ളത്. ഓക്സിജൻ ക്ഷാമവും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.












Click it and Unblock the Notifications