രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന നിരക്ക് താഴേക്ക്; മൂന്ന് ലക്ഷം കടന്ന് മരണസംഖ്യ, ആശങ്ക അവസാവനിക്കുന്നില്ല
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രതിദിന മരണനിരക്ക് നാലായിരത്തിന് മുകളിലെത്തി
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. ഇന്ന് 2,22,315 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 3,02,544 പേർ രോഗമുക്തി നേടുകയും ചെയ്തു. രണ്ടാം തരംഗത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാല് ലക്ഷത്തിന് മുകളിൽ വരെ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗികളുടെ എണ്ണം താഴേക്കാണ്. വിവിധ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ ഫലം കാണുന്നതായാണ് വിലയിരുത്തുന്നത്.
അതേസമയം മരണനിരക്കിൽ ആശങ്ക തുടരുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രതിദിന മരണനിരക്ക് നാലായിരത്തിന് മുകളിലെത്തി. ആകെ മരണസംഖ്യ മൂന്ന് ലക്ഷം കടക്കുകയും ചെയ്തു. 4454 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കുറയുമ്പോഴും മരണനിരക്ക് ഉയരുന്നത് ആരോഗ്യമേഖലയിൽ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇതോടൊപ്പം ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വർധിക്കുന്നതും ആശങ്ക ഇരട്ടിയാക്കുന്നു.

ലോകത്ത് കൊവിഡ് രോഗബാധിതർ ഏറ്റവും കൂടുതൽ മരിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ.മൂന്ന് ലക്ഷത്തിൽ അധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. യുഎസിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതൽ പേർ നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചത്. 33,105,188 കേസുകളാണ് യുഎസിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 589,703 മരണങ്ങളാണ് അവിടെ റിപ്പോർട്ട് ചെയ്തത്. ബ്രസീലിൽ 16,047,439 കേസുകളും മരണം 448,208 ആണ്.
ഇന്ത്യയിൽ ഇതുവരെ 2,67,52,447 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,37,28,011രോഗമുക്തി നേടിയപ്പോൾ 3,03,720 പേരുടെ ജീവനാണ് കോവിഡ് കവർന്നത്. നിലവിൽ 27,20,716 പേർ കോവിഡ് ബാധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിലുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാക്സിനേഷനും രാജ്യത്ത് തുടരുകയാണ്. 19,60,51,962 ആളുകളാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷം ആളുകൾക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. മരണസംഖ്യ 34.77 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി എൺപത്തിയഞ്ച് ലക്ഷം കടന്നു. രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രോഗബാധിതരുണ്ട്.മരണസംഖ്യ 604,082 ആയി ഉയർന്നു.












Click it and Unblock the Notifications