25 ലക്ഷത്തിലധികം പേർ ചികിത്സയിൽ; രാജ്യത്ത് 3,46,786 പുതിയ കോവിഡ് കേസുകൾകൂടി
കോവിഡ് വ്യാപനത്തിനൊപ്പം തന്നെ മരണം നിരക്കും വർധിക്കുകയാണ്
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്രെ രണ്ടാം തരംഗം പിടിച്ചുനിർത്താനാകാതെ ഇന്ത്യ. തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണവും 25 ലക്ഷത്തിന് മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,46,786 പേർക്കാണ്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 25,52,940 ആയി.
കോവിഡ് വ്യാപനത്തിനൊപ്പം തന്നെ മരണം നിരക്കും വർധിക്കുകയാണ്. 2624 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെ 1,66,10,481 പേർക്ക് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 1,38,67,997 പേർ രോഗമുക്തി നേടിയപ്പോൾ 1,89,554 പേർ മരണപ്പെട്ടു.

കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർധനവ് മരണനിരക്കിലും പ്രതിഫലിച്ച് തുടങ്ങിയത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പ്രതിദിന കോവിഡ് മരണ നിരക്ക് 5000 കടക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മെയ് പകുതിയോടെ ഇന്ത്യയിൽ കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5000 കടക്കും. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മൂന്ന് ലക്ഷത്തിലധികം പേർ കോവിഡ് മൂലം മരിക്കുമെന്നാണ് പഠനം പറയുന്നത്. 'കോവിഡ് 19 പ്രൊജക്ഷൻസ്' എന്ന പേരിൽ വാഷിങ്ടൺ യൂനിവേഴ്സിറ്റിയിലെ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷനാണ് പഠനം നടത്തിയത്.
മഹാരാഷ്ട്ര, ഡൽഹി, കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളും കോവിഡ് വ്യാപനം രണ്ടാം തരംഗത്തിന്റെ ആഘാതം ഏറ്റുവാങ്ങുന്നത് തുടരുകയാണ്. മഹാരാഷ്ട്രയിൽ 66,836 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പതിനായിരത്തിലധികവും പൂനെയിൽ മാത്രമാണെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. കേരളത്തിൽ 28,447ഉം ഛത്തിസ്ഘട്ടിൽ 17,397ഉം കർണാടകയിൽ 26,962ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരമാകുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 24331 പേർക്കാണ് ഡൽഹിയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഒൻപത് ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി അറുപത്തിരണ്ട് ലക്ഷം കടന്നു. മരണസംഖ്യ മുപ്പത് ലക്ഷം പിന്നിട്ടു. പുതിയ കോവിഡ് കേസുകളിൽ മൂന്നിൽ ഒന്നും ഇന്ത്യയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Recommended Video
പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ത്യയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്. രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.യുഎസിൽ അരലക്ഷത്തിലധികം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയേഴ് ലക്ഷം കടന്നു.5.85 ലക്ഷം പേർ മരിച്ചു.












Click it and Unblock the Notifications