നേരിയ ആശ്വാസം; രാജ്യത്ത് ഇന്ന് 2,35,532 പേർക്ക് കൊവിഡ്..ടിപിആർ 13. 39 ശതമാനം
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. ഇന്ന് 2,35,532 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ 6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 613 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. മൂന്നാം തരംഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. രാജ്യത്ത് ഇതുവരെ 4.93 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

നിലവില്‍ 20,04,333 പേരാണ് ചികിത്സയിലുള്ളത്.ആകെ രോഗ ബാധിതരുടെ 4.91 ശതമാനമാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. അതേസമയം രോഗമുക്തി നിരക്ക് 93.89 ശതമാനമായി കുറഞ്ഞു. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,59,434 പരിശോധനകള്‍ നടത്തി. ആകെ 72.57 കോടിയിലേറെ (72,57,74,705) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.89 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 13.39 ശതമാനമാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഇന്നലെ 103 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 24,948 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 10.32 ശതമാനമാണ് ടിപിആർ. അതേസമയം രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുകയാണ്. കഴിഞ്ഞ ദിവസം 4,044 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 29,152 സജീവ കേസുകളാണ് ഇവിടെയുള്ളത്.കർണാടകത്തിൽ പുതുതായി 31,198 കേസുകളാണ് സ്ഥിരികരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37,23,694 ആയി. ആകെ മരണം 38,804 ആയി.
അതേസമയം കേരളത്തിൽ കൊവിഡ് രോഗികൾ ഇന്നലെ കുത്തനെ ഉയർന്നു. 54,537 കേസുകളാണ് സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപന വർധന് മുൻ ആഴ്ചകളെ അപേക്ഷിച്ച് കുറയുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡിസംബർ അവസാന ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ജനുവരി ആദ്യ ആഴ്ചയിൽ രോഗ വ്യാപനത്തിലെ വർധന 45 ശതമാനം ഉയർന്നു. രണ്ടാമത്തെ ആഴ്ച ഇത് 148 ശതമാനമായി. മൂന്നാമത്തെ ആഴ്ചയിൽ 215 ശതമാനമായി ഉയർന്ന വർധന ഈ ആഴ്ചയിൽ 71 ശതമാനത്തിലേക്കു താഴ്ന്നുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നവരുടെ എണ്ണം മൂന്നു ശതമാനം മാത്രമാണ്.
മിസോറാം ഒഴികെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കുറയുകയാണ്. സംസ്ഥാനത്ത് 2,143 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇന്ത്യയിലെ കോവിഡ് 19 വാക്സിനേഷൻ കവറേജ് 164.04 കോടി ഡോസ് കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 56 ലക്ഷത്തിലധികം (56,72,766) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 165.04 കോടി (165,04,87,260) പിന്നിട്ടു. 180,50,126 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
Recommended Video
രാജ്യത്ത് 95 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 74 ശതമാനം പേർ രണ്ട് ഡോസ് വാക്സിനും പൂർത്തിയാക്കിയവരാണ്. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 164.26 കോടിയിലധികം (1,64,26,46,725) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 12 കോടിയിലധികം (12,88,55,321) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്ന് കേന്ദ്ര സർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു.












Click it and Unblock the Notifications