വീണ്ടും കൊവിഡ് പിടിയിലോ ? ഡൽഹി വൈറസ് ട്രാപ്പിൽ ആയേക്കും; 300 കടന്നതായി റിപ്പോർട്ട്
ഡൽഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം വർധിക്കുന്നതായി റിപ്പോർട്ട്. തുടർച്ചയായി രണ്ടാം ദിവസവും മുന്നൂറിലധികം കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണ്. വെള്ളിയാഴ്ച ഡൽഹിയിൽ മുന്നൂറിലധികം കൊവിഡിന്റെ പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കണക്കുകൾ പ്രകാരം, 336 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് 40 കേസുകളുടെ വർധനവാണ് ഉണ്ടായത്.
അതേസമയം, കോവിഡ് ബാധിച്ച മരണങ്ങൾ ഒന്നും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനം ആണ്. എന്നാൽ ജനുവരി 14 - ന് ഡൽഹിയിൽ 30.6 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഇത് വൈറസിന്റെ മൂന്നാം തരംഗത്തിനിടയിൽ ഉണ്ടായ ഏറ്റവും ഉയർന്ന നിരക്കായിരുന്നു.

അതേസമയം, ഡൽഹിയിലെ ആകെ പോസിറ്റീവ് കേസുകളുടെ 18.68 ലക്ഷം ആണ്. 26,158 പേരാണ് കൊവിഡ് ബാധിച്ച് ഡൽഹിയിൽ ഇതുവരെ മരിച്ചത്. ഡൽഹിയിലെ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി മുൻകരുതൽ ഡോസുകൾ വിതരണത്തിന് തയ്യാറെടുക്കുകയാണ്. ഇതിന് പിന്നാലെ ആണ് രാജ്യ തലസ്ഥാനത്ത് കേസുകളിൽ വർധനവ് ഉണ്ടാകുന്നത്.
ഏതേസമയം, കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത് എത്തിയിരുന്നു. ജനങ്ങൾ പരിഭ്രാന്തർ ആകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഡൽഹിയിലെ കോവിഡ് സ്ഥിതി ഗതികൾ സർക്കാർ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
"സർക്കാർ കൊവിഡ് സ്ഥിതി ഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നിലവിൽ ജനങ്ങൾ പരിഭ്രാന്തരാക്കി ആകേണ്ട കാര്യം ഇല്ല. സാഹചര്യം മോശമായാൽ അതിന് അനുസരിച്ചുള്ള നടപടികൾ സർക്കാർ സ്വീകരിക്കും " അരവിന്ദ് കെജരിവാൾ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. അതേസമയം, പുതിയ വേരിയന്റ് കണ്ടെത്തുന്നത് വരെ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞിരുന്നു. തലസ്ഥാനത്തെ കൊവിഡ് സ്ഥിതി ഗതികൾ വിലയിരുത്താൻ ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) ഏപ്രിൽ 20 - ന് നിർണായക യോഗം ചേരും.
ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ എന്നിവരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും ഈ യോഗത്തിൽ പങ്കെടുക്കും. നിലവിലെ കോവിഡ് സാഹചര്യത്തിന് പുറമെ വാക്സിനേഷൻ പരിപാടിയും യോഗം അവലോകനം ചെയ്യും. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറപ്പെടുവിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊവിഡ് കേസുകൾ കുറയുന്നതിനാൽ ഫെബ്രുവരി 28 - ന് ഡൽഹി സർക്കാർ എല്ലാ നിയന്ത്രണങ്ങളും നീക്കിയിരുന്നു. മാർച്ച് 31 - ന് ഡൽഹി സർക്കാർ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് പിഴ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ഇപ്പോൾ വീണ്ടും കേസുകൾ വർധിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications