ദില്ലിയിൽ കൊവിഡ് കേസുകളിൽ 60 ശതമാനം വർധന; രാജ്യത്ത് 24 മണിക്കൂറിനിടെ 2380 പേർക്ക് രോഗം
ദില്ലി; ആശങ്കയേറ്റി ദില്ലിയിൽ കൊവിഡ് കേസുകൾ ഉയരുന്നു. കേസുകളിൽ 60 ശതമാനത്തിന്റെ വർധനവാണ് രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതുതായി 1009 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 1,252 സജീവ കേസുകളാണ് ഉള്ളത്. ഇതിൽ ഗുരുഗ്രാമിൽ 941 പേരും 249 പേർ ഫരീദാബാദ് ജില്ലയിൽ നിന്നുള്ളവരുമാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഗുരുഗ്രാമിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്.

ഏപ്രിൽ 16 നാണ് ദില്ലിയി സജീവ കേസുകൾ ഇരട്ടിയായയി ഉയർന്നത്. അന്ന് 1,262 പേരായിരുന്നു ചികിത്സയിൽ ഉണ്ടായിരുന്നത്. എന്നാൽ ആശുപത്രികളിലെ രോഗികളുടെ എണ്ണം വെറും 29 ആയിരുന്നു (2.3 ശതമാനം). രണ്ട് ദിവസത്തിന് ശേഷം, സജീവ കേസുകൾ 1729 ആയി. അതിൽ 40 (2.31 ശതമാനം) പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓക്സിജൻ സഹായം ആവശ്യമുള്ള ആശുപത്രികളിലെ രോഗികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
അതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2380 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,433 ആയി. ഇത് ആകെ രോഗബാധിതരുടെ 0.03 ശതമാനമാണ്. 56 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1231 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,14,479 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 4,21,183 പരിശോധനകൾ നടത്തി.83.29 കോടിയിൽ അധികം (83,29,27,938) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.43 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.53 ശതമാനമാണ്. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 187.07 കോടി കടന്നു. 2,28,80,254 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. ഇതുവരെ 2.53 കോടിയിൽ കൂടുതൽ (2,53,87,677) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു. 12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് മാർച്ച് 16 മുതലായിരുന്നു രാജ്യത്ത് ആരംഭിച്ചത്. 18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ്-19 മുൻകരുതൽ ഡോസ് ഏപ്രിൽ 10 മുതൽ ആരംഭിച്ചിരുന്നു. ഇതുവരെ 2,37,279 മുൻകരുതൽ ഡോസുകളാണ് നൽകിയതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 192.27 കോടിയിൽ അധികം (1,92,27,23,625) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 20.16 കോടിയിൽ അധികം (20,16,91,220) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം കൊവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ആശങ്ക നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്നാണ് ഐ സി എം ആർ മുൻ ചീഫ് സയന്റിസ്റ്റ് ഡോ ആർ ഗംഗാഖേദ്കർ വ്യക്തമാക്കുന്നത്. ഒമിക്രോണിന്റെ ഉപവിഭാഗങ്ങൾ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പുതിയ വകഭേദങ്ങളൊന്നും ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications