ആശ്വാസം; രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞു..24 മണിക്കൂറിനിടെ 83,876 പേർക്ക് രോഗം
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 83,876 പേര്‍ക്കാണ്. ഒരു മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വ്യാപന നിരക്കാണിത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 22 ശതമാനം കേസുകളാണ് കുറഞ്ഞിരിക്കുന്നത്.
895 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,02,874 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,99,054 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,06,60,202 ആയി.

ദേശീയ രോഗമുക്തി നിരക്ക് 96.19% ആണ്. നിലവില്‍ 11,08,938 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 2.62 ശതമാനമാണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,56,363 പരിശോധനകള്‍ നടത്തി. ആകെ 74.15 കോടിയിലേറെ (74,15,61,587) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 9.18 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 7.25 ശതമാനമാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന കേരളത്തിൽ കൊവിഡ് കേസുകൾ കുറഞ്ഞു. ഞായറാഴ്ച 26,729 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 30.12 ആണ് ടി പി ആർ. എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂര്‍ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി 1213, വയനാട് 825, കാസര്‍ഗോഡ് 463 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.3,29,348 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.അതേസമയം കഴിഞ്ഞ ദിവസം 29 മരണം കൂടി സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്തെ ആകെ മരണം 58,255 ആയി.
Recommended Video
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം തീവ്രത കുറയുകയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രോഗവ്യാപനത്തോത് നന്നായി കുറയുന്നുണ്ട്. രോഗവ്യാപന നിരക്ക് 10% ആയി കുറഞ്ഞുവെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്.
കേസുകൾ കൂടുതൽ ഉണ്ടായിരുന്ന മഹാരാഷ്ട്രയിലും പുതിയ രോഗികളുടെ എണ്ണം കുറഞ്ഞു. ഞായറാഴ്ച 9,666 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 78,03,700 ആയി. 66 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,43,074 ആയി. രാജ്യതലസ്ഥാനത്ത് 1466 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 14.70 ലക്ഷത്തിലധികം (14,70,053) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 169.63 കോടി (1,69,63,80,755) പിന്നിട്ടു. 1,88,18,564 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 167.84 കോടിയിലധികം (1,67,84,78,485) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 12.07 കോടിയിലധികം (12,07,42,566) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
അതിനിടെ മറ്റൊരു കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് കൂടി കേന്ദ്രസർക്കാർ അനുമതി നൽകി. സ്‌പുട്‌നിക് ലൈറ്റ് സിംഗിൾ ഡോസ് വാക്‌സിനാണ് അനുമതി ലഭിച്ചത്.ഒറ്റ ഡോസ് മാത്രം ആവശ്യമുള്ള വാക്സീനാണ് ഇത്. രാജ്യത്ത് അനുമതി നൽകുന്ന ഒന്‍പതാമത്തെ വാക്സിനാണ് ഇത്.












Click it and Unblock the Notifications