ഇന്നും രാജ്യത്ത് 2000ത്തിന് മുകളിൽ കൊവിഡ് രോഗികൾ..ടിപിആർ 0.49 ശതമാനം..40 മരണം
ദില്ലി; രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ രണ്ടായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,067 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 2183 പേർക്കായിരുന്നു രോഗം. 40 മരണങ്ങളാണ് ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 12,340 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.03 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1547 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,13,248 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 4,21,183 പരിശോധനകൾ നടത്തി.83.29 കോടിയിൽ അധികം (83,29,27,938) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.38 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.49 ശതമാനമാണ്.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 186.90 കോടി (1,86,90,56,607) കടന്നു. 2,28,31,901 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. ഇതുവരെ 2.50 കോടിയിൽ കൂടുതൽ (2,50,83,940) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു. 12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് മാർച്ച് 16 മുതലായിരുന്നു രാജ്യത്ത് ആരംഭിച്ചത്.
18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ്-19 മുൻകരുതൽ ഡോസ് ഏപ്രിൽ 10 മുതൽ ആരംഭിച്ചിരുന്നു. ഇതുവരെ 1,85,860 മുൻകരുതൽ ഡോസുകളാണ് നൽകിയതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 192.27 കോടിയിൽ അധികം (1,92,27,23,625) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 20.33 കോടിയിൽ അധികം (20,52,07,261) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും സർക്കാർ വ്യക്തമാക്കി.
Recommended Video
ദില്ലിയിൽ 632 പേർക്ക് രോഗം
ദില്ലിയിൽ ചൊവ്വാഴ്ച 632 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം പുതിയ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ദില്ലിയിലാണ്. കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പരിശോധനകൾ ഉയർത്തണമെന്ന നിർദ്ദേശമാണ് ആരോഗ്യ വിദഗ്ദർ നൽകുന്നത്. സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും കേസുകളുടെ കുതിച്ച് ചാട്ടമുണ്ടായാൽ നേരിടാൻ സർക്കാർ സജ്ജരാണെന്നും വിദഗ്ദർ വ്യക്തമാക്കി. അതിനിടെ ദില്ലിയിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കുമെന്ന് സർക്കാർ അറിയിച്ചു. ലഫ്. ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിൽ ചേർന്ന ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. നേരത്തേ കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ ദില്ലി സർക്കാർ ഇളവ് വരുത്തിയിരുന്നു. നിലവിൽ ദില്ലിയിൽ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ യു പി അതിർത്തികളിലും ഹരിയാനയിലെ ചില ജില്ലകളിലും മാസ്കുകൾ നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം കുട്ടികൾക്കിടയിൽ കൊവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും നിലവിൽ ഓൺലൈനായി ക്ലാസുകൾ നടത്തേണ്ടുന്നത് സംബന്ഝിച്ചുള്ള തിരുമാനം ഉണ്ടായിട്ടില്ല.
ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം പ്രിതിദിന രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് കേരളമാണ്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications