ഷെയ്ഖ് ഹമദിനോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ നാളെ ദു:ഖാചരണം, വിനോദ പരിപാടികളുണ്ടാകില്ല
ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍-താനിയുടെ നിര്യാണത്തില്‍ ആദരസൂചകമായി ദു:ഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. ഷെയ്ഖ് ഹമദിനോടുള്ള ആദരസൂചകമായി നാളെ (ജൂലൈ 13-ന്) രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിക്കുകയാണ് എന്നും തിങ്കളാഴ്ച രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടായിരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഷെയ്ഖ് ഹമദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ ഉറ്റ സുഹൃത്തും ഖത്തറിന്റെ വികസനത്തിന് നേതൃത്വം നല്‍കിയ ദീര്‍ഘവീക്ഷണമുള്ള നേതാവുമായിരുന്നു അദ്ദേഹമെന്ന് മോദി പറഞ്ഞു. ഖത്തറിനെ വികസനത്തിന്റെയും സമൃദ്ധിയുടെയും വലിയ ഉയരങ്ങളിലേക്ക് നയിച്ച നേതാവായിരുന്നു എന്നും 2024 ഫെബ്രുവരിയില്‍ ഖത്തര്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം നേരില്‍ കാണാന്‍ ഭാഗ്യം ലഭിച്ചു എന്നും മോദി അനുസ്മരിച്ചു.

അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി, രാജകുടുംബാംഗങ്ങള്‍, ഖത്തറിലെ ജനങ്ങള്‍ എന്നിവര്‍ക്ക് മോദി അനുശോചനം അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കുന്നതിനായി പാര്‍ലമെന്ററി കാര്യ-ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു ഉടന്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. 1995 മുതല്‍ 2013 വരെ ഖത്തര്‍ ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഹമദ്.
ഖത്തറിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഷെയ്ഖ് ഹമദായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത്, ആഗോളതലത്തില്‍ ഖത്തര്‍ അതിന്റെ സ്ഥാനം ഉയര്‍ത്തിപ്പിടിച്ച സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക വികസനത്തിന് സാക്ഷ്യം വഹിച്ചു. ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതിക്കാരായി ഖത്തര്‍ മാറിയതോടെ അദ്ദേഹം സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ വികസിപ്പിക്കുകയും ചെയ്തു.
ഷെയ്ഖ് ഹമദിന്റെ ഭരണകാലത്താണ് ഖത്തറിലെ ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഷെയ്ഖ് ഹമദിന്റെ ഭരണകാലത്ത്, രാജ്യത്തെ ജനസംഖ്യ ഏകദേശം രണ്ട് ദശലക്ഷമായിരുന്നു, അവരില്‍ ഭൂരിഭാഗവും പ്രവാസികളായിരുന്നു. 1999, 2005, 2012 വര്‍ഷങ്ങളില്‍ അദ്ദേഹം ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. മിതമായ ഭൗമരാഷ്ട്രീയ സ്വാധീനമുള്ള ഒരു ചെറിയ ഗള്‍ഫ് രാഷ്ട്രത്തെ അദ്ദേഹം പരിമിതികള്‍ക്കിടയിലും വലിയ ഉന്നതിയിലേക്ക് എത്തിച്ചു.
കനത്ത നിക്ഷേപങ്ങളുടെയും അന്താരാഷ്ട്ര പങ്കാളിത്തങ്ങളുടെയും പിന്തുണയോടെ, പ്രതിശീര്‍ഷ ജിഡിപിയുടെ കാര്യത്തില്‍ ഖത്തര്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി ഉയര്‍ന്നുവന്നു. അതേസമയം ഷെയ്ഖ് ഹമദിന്റെ നിര്യാണത്തില്‍ ഞായറാഴ്ച മുതല്‍ ഖത്തര്‍ നാല് ദിവസത്തെ പൊതു ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.















Click it and Unblock the Notifications