ഇന്ത്യ പണം വാരുന്നു; ട്രംപിന്റെ കണ്ണുരുട്ടലിനിടെ നേട്ടം കൊയ്യല്‍, സൗദിയുടെ അടുത്ത നീക്കം ലക്കി
റഷ്യയുടെ ക്രൂഡ് ഓയില്‍ വാങ്ങി സംസ്‌കരിച്ച് കയറ്റുമതി ചെയ്ത് ഇന്ത്യ നേട്ടം കൊയ്യുന്നു എന്ന അമേരിക്കയുടെ വാദത്തിനിടെ വലിയ ലാഭമുണ്ടാക്കി ഇന്ത്യന്‍ കമ്പനികള്‍. യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ ഡീസല്‍ കയറ്റുമതി 137 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഇത് അണയാന്‍ പോകുന്നതിന് മുമ്പുള്ള ആളിക്കത്തലാണ് എന്ന സൂചനയുമുണ്ട്.
സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ അടുത്ത മാസം മുതല്‍ നടത്താനിരിക്കുന്ന റിഫൈനറി അറ്റക്കുറ്റപണിയും ഇന്ത്യയ്ക്ക് നേട്ടമാകും. എന്നാല്‍ വരുന്ന ജനുവരി മുതലാണ് യൂറോപ്പ് ഇന്ത്യയ്‌ക്കെതിരെ പ്രഖ്യാപിച്ച ഉപരോധം നിലവില്‍ വരിക. അതിന് മുമ്പ് രംഗം ശാന്തമാക്കാനുള്ള ശ്രമം ഒരു ഭാഗത്ത് നടക്കുന്നുണ്ട്. അതിനിടെയാണ് അവസരം മുതലെടുത്ത് ഇന്ത്യ നേട്ടം കൊയ്യുന്നത്...

റഷ്യയില്‍ നിന്ന് വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇറക്കുമതിയുടെ 40 ശതമാനം റഷ്യയില്‍ നിന്നാണ്. ഇവ മൊത്തം ഇന്ത്യയില്‍ ഉപയോഗിക്കുന്നില്ല. സംസ്‌കരിച്ച് പെട്രോളും ഡീസലുമാക്കി മാറ്റി കയറ്റുമതി ചെയ്യുകയാണ്. ഈ പ്രക്രിയയില്‍ നിന്ന് വലിയ ലാഭമാണ് എണ്ണ കമ്പനികള്‍ കൊയ്യുന്നത്. റിലയന്‍സ്, നയാര തുടങ്ങി സ്വകാര്യ കമ്പനികളാണ് ഇക്കാര്യത്തില്‍ മുമ്പില്‍.
റഷ്യന്‍ എണ്ണയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ഇറക്കുമതി നിരോധിക്കുകയും ചെയ്തിരിക്കുകയാണ്. പകരം അവര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ധനം ഇറക്കുമതി വര്‍ധിപ്പിച്ചു. അതായത്, റഷ്യയുടെ എണ്ണ വളഞ്ഞ വഴിക്ക് യൂറോപില്‍ എത്തുകയാണ്. ഇക്കാര്യം സൂചിപ്പിച്ചാണ് അമേരിക്ക ഇന്ത്യയക്കെതിരായ ഇറക്കുമതി ചുങ്കം 50 ശതമാനമാക്കിയിരിക്കുന്നത്.
അമേരിക്കയെ അസ്വസ്ഥമാക്കും
ആഗസ്റ്റ് മാസത്തിലെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ ഡീസല്‍ കയറ്റുമതി 137 ശതമാനം വര്‍ധിച്ചു എന്നാണ് പുതിയ വിവരം. ഓരോ ദിവസവും 2.42 ലക്ഷം ബാരല്‍ ഡീസലാണ് യൂറോപ്പിലേക്ക് അയക്കുന്നതത്രെ. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലെ കണക്കുമായി താരതമ്യം ചെയ്ത് ഈ വര്‍ഷം ആഗസ്റ്റിലെ കണക്കുകള്‍ പറയുമ്പോഴാണ് ഇത്രയും വര്‍ധന.
യൂറോപ്പ് ഇന്ധന ഇറക്കുമതിക്ക് പുതിയ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. റഷ്യയുടെ എണ്ണ മൂന്നാംരാജ്യങ്ങള്‍ വഴി വരുന്നതും തടയുമെന്നാണ് തീരുമാനം. ഇറക്കുമതി ചെയ്യുന്ന വേളയില്‍ ഇക്കാര്യം പരിശോധിക്കണം എന്നും നിബന്ധനയുണ്ട്. ജനുവരി മുതലാണ് ഈ പരിശോധന തുടങ്ങുക. സ്വാഭാവികമായും ഇന്ത്യയില്‍ നിന്നുള്ള ഇന്ധന കയറ്റുമതിക്ക് തിരിച്ചടിയാണിത്.
ജനുവരി മുതലുള്ള തിരിച്ചടി കണ്ട് യൂറോപിലെ എണ്ണ കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ ഇറക്കുമതി ചെയ്യുകയാണിപ്പോള്‍. മാത്രമല്ല, പശ്ചിമേഷ്യയിലെ എണ്ണ കമ്പനികളുടെ റിഫൈനറികളില്‍ അറ്റക്കുറ്റ പണി നടക്കുക ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ്. ഈ വേളയിലും ഇന്ത്യയുടെ ഇന്ധനത്തിന് ആവശ്യക്കാര്‍ ഏറും. അതും ഇന്ത്യന്‍ കമ്പനികള്‍ക്ക് നേട്ടമാകും. അമേരിക്കയുമായി ചര്‍ച്ച നടത്തി നിലവിലെ താരിഫ് പോരില്‍ പരിഹാരം കാണാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. അത് വിജയിച്ചാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ജനുവരിക്ക് ശേഷവും തുടരുമെന്ന പ്രതീക്ഷിക്കാം.












Click it and Unblock the Notifications