പാകിസ്താന് വീണ്ടും പണി കൊടുത്ത് ഇന്ത്യ; നിരോധനം നീട്ടി, ഈ രാജ്യത്തേക്ക് വളഞ്ഞവഴി യാത്ര
ന്യൂഡല്‍ഹി: പാകിസ്താന്റെ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വ്യോമ നിരോധനം ഇന്ത്യ നീട്ടി. പാകിസ്താന്റെ വിമാനങ്ങള്‍, പാകിസ്താന്‍ കമ്പനികള്‍ വാടകയ്ക്ക് എടുത്ത വിമാനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിരോധനം ബാധകമാണ്. പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനമാണ് ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്. പാകിസ്താനും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
പാകിസ്താന്റെ വിമാനങ്ങള്‍ക്കുള്ള നിരോധനം സെപ്തംബര്‍ 24 വരെയാണ് നീട്ടിയിരിക്കുന്നത്. ഇക്കാര്യം വിമാനങ്ങളില്‍ ജോലി ചെയ്യുന്നവരെ രേഖാമൂലം ഇന്ത്യ അറിയിച്ചു. പാകിസ്താനും ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള നിരോധനം സെപ്തംബര്‍ 24 വരെ നീട്ടിയിട്ടുണ്ട്. പാകിസ്താന്‍ വിമാനങ്ങള്‍ ഇന്ത്യയുടെ ആകാശം ഏത് രാജ്യത്തേക്ക് പോകുമ്പോഴാണ് ഉപയോഗിക്കുക എന്ന് അറിയാമോ?

ഈ വര്‍ഷം ഏപ്രില്‍ 22നാണ് കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം ഉണ്ടായതും 26 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടതും. ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ച ഇന്ത്യ, സിന്ധു നദീ കരാര്‍ റദ്ദാക്കി. ഏപ്രില്‍ 30നാണ് പാകിസ്താന്റെ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. മെയ് 24 വരെയായിരുന്നു ആദ്യ നിരോധനം. പിന്നീട് ഘട്ടങ്ങളായി നീട്ടുകയായിരുന്നു.
ഇരുവരും സഹകരിച്ചത് ഈ യാത്രകള്‍ക്ക്
നിലവില്‍ ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ വിമാന സര്‍വീസ് ഇല്ല. പാകിസ്താന്റെ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ പാത ഉപയോഗിച്ചിരുന്നു. സിംഗപ്പൂര്‍, മലേഷ്യ യാത്രയ്ക്കും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കുമാണ് പാകിസ്താന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ പാത ഉപയോഗിച്ചിരുന്നത്. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഗള്‍ഫ്, യൂറോപ്പ്, കാനഡ, അമേരിക്ക യാത്രയ്ക്ക് പാകിസ്താന്‍ വ്യോമപാത ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ മറ്റുവഴികളിലാണ് യാത്ര.
ഇന്ത്യയുടെ വിമാനങ്ങള്‍ പാകിസ്താന്റെ വ്യോമപാതയില്‍ പ്രവേശിക്കുമ്പോള്‍ പാകിസ്താന്റെ വ്യോമ അതോറിറ്റിക്ക് നിശ്ചിത ഫീസ് നല്‍കാറുണ്ട്. ഇത്തരത്തില്‍ കോടികളുടെ വരുമാനം പാകിസ്താന് ലഭിച്ചിരുന്നു. പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഈ വരുമാനം പാകിസ്താന് കിട്ടുന്നില്ല. പകരം അറബി കടലിന് മുകളിലൂടെയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ യാത്ര ചെയ്യുന്നത്. താരതമ്യേന ചെലവ് വരുന്ന പാതയാണിത്.
പഹല്‍ഗാം ആക്രമണം നടക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയില്‍ ആയിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടി സൗദിയില്‍ എത്തിയതായിരുന്നു അദ്ദേഹം. എന്നാല്‍ പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി മോദി നാട്ടിലേക്ക് തിരിച്ചു. ഈ വേളയില്‍ പാകിസ്താന്റെ വ്യോമപാത ഒഴിവാക്കിയായിരുന്നു മോദിയുടെ യാത്ര. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം.












Click it and Unblock the Notifications