ഇന്ത്യയില്‍ നല്ല ഐക്യമുണ്ടല്ലോ.. പിന്നെന്തിനാണ് ഭാരത് ജോഡോ യാത്ര? കോണ്‍ഗ്രസിനോട് ബൊമ്മൈ
ബെംഗളൂരു: ഇന്ത്യ ഇതിനോടകം ഒരു ഐക്യരാഷ്ട്രമായി മാറിയിട്ടുണ്ട് എന്നും പിന്നെ എന്തിനാണ് ഭാരത് ജോഡോ യാത്ര നടത്തുന്നത് എന്നും കോണ്‍ഗ്രസിനോട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഇന്ത്യ അത് അന്താരാഷ്ട്ര തലത്തില്‍ അതിവേഗം പുരോഗമിക്കുകയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.
ജി-7 രാജ്യങ്ങളും യുഎസും ഉള്‍പ്പെടെ ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോള്‍, ഇന്ത്യ ഏറ്റവും കുറഞ്ഞ ജി ഡി പി ഏഴ് ശതമാനമായി നിലനിര്‍ത്തി എന്നും ബൊമ്മെ ചൂണ്ടിക്കാട്ടി. രാഹുല്‍ഗാന്ധിയുടെ ആദ്യ മിസൈല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം എന്നും ബൊമ്മൈ പരിഹസിച്ചു.

അതല്ലാതെ ഭാരത് ജോഡോ യാത്രയ്ക്ക് യാതൊരു അര്‍ത്ഥവുമില്ല എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.
രണ്ട് സീറ്റിലും ജയിച്ച ശേഷം അവര്‍ ബെല്ലാരി സീറ്റ് ഉപേക്ഷിച്ച് റായ്ബറേലി നിലനിര്‍ത്തി. തനിക്ക് വോട്ട് ചെയ്ത ബെല്ലാരിയിലെ ജനങ്ങളെ സോണിയ ഗാന്ധി അംഗീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബെല്ലാരി സീറ്റ് വിടുന്നതിന് മുമ്പ് അവര്‍ പ്രഖ്യാപിച്ച 3,000 കോടിയുടെ പ്രത്യേക പാക്കേജ് ഒരിക്കലും യാഥാര്‍ത്ഥ്യമായില്ല എന്നും അദ്ദേഹം ആരോപിച്ചു.
ബെല്ലാരിയിലെ ജനങ്ങളെ വഞ്ചിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് ബെല്ലാരിയില്‍ യാത്ര നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. 2023 ല്‍ ബി ജെ പി സംസ്ഥാനത്ത് 150 നിയമസഭാ സീറ്റുകള്‍ നേടും എന്നും ബാസവരാജ് ബൊമ്മൈ അവകാശപ്പെട്ടു.
അതേസമയം വീഴാതെ നാല് കിലോമീറ്റര്‍ നടക്കാനുള്ള മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ വെല്ലുവിളിയോട് ഒന്നും പ്രതികരിക്കാനില്ല എന്നും സിദ്ധരാമയ്യയ്ക്ക് നല്ല ആരോഗ്യവും ദീര്‍ഘായുസും ദൈവം നല്‍കട്ടെ എന്നും ബാസവരാജ് ബൊമ്മൈ പറഞ്ഞു.












Click it and Unblock the Notifications