അടിമത്തം അവസാനിച്ചിട്ടില്ല;പാതിയും ഇന്ത്യയില്‍
ദില്ലി: ലോകത്ത് ഇപ്പോഴും അടിമത്തം അവസാനിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ കാലത്തെ അടിമകളില്‍ പകുതിയും ഇന്ത്യയില്‍ ആണെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. ലോകത്തെ പട്ടിണിക്കാരില്‍ നാലില്‍ ഒന്നും ഇന്ത്യയില്‍ ആണെന്ന റിപ്പോര്‍ട്ടിന് പിറകേയാണ് ഇങ്ങനെ ഒരു വാര്‍ത്ത കൂടി പുറത്ത് വരുന്നത്.
ഓസ്‌ട്രേലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാക്ക് ഫ്രീ ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലാണ് ലോകത്തെ അടിമകളെ കുറിച്ച് പ്രതിപാദിക്കിന്നത്. ലോകത്താകമാനം 2.96 കോടി അടിമകളുണ്ടെന്നാണ് ഇവര്‍കണക്കാക്കിയിട്ടുള്ളത്. അതില്‍ 1.33 കോടി മുതല്‍ 1.47 കോടിവരെ അടിമകള്‍ ഇന്ത്യയില്‍ ആണത്രെ ഉള്ളത്. കൊല്‍ക്കത്ത നഗരത്തിലെ മൊത്തം ജനസംഖ്യയോളം വരും ഇത്.

കൃത്യമായ മാനദണ്ഡങ്ങള്‍ വച്ചിട്ടാണ് വാക്ക് ഫ്രീ ഫൗണ്ടേഷന്‍ അടിമകളെ നിര്‍വചിച്ചിരിക്കുന്നത്. ബാല്യ വിവാഹവും, മനുഷ്യക്കടത്തും, പണം കടംവാങ്ങിയതിന്റെ പേരിലുള്ള അടിമത്തവും, നിര്‍ബന്ധിത വിവാഹവും, നിര്‍ബന്ധിത ജോലിയും ഒക്കെ അടിസ്ഥാനമാക്കിയതാണ് ഇത്.
162 രാജ്യങ്ങളാണ് അടിമത്തം തുടരുന്ന പട്ടികയില്‍ ഉള്ളത്. ഒന്നാം സ്ഥാനം ഇന്ത്യക്കാണെങ്കില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നമ്മുടെ അയല്‍ രാജ്യങ്ങള്‍ക്കാണ്. ചൈനയും പാകിസ്താനും. നൈജീരിയ, എത്യോപ്യ, റഷ്യ, തായ്‌ലാന്‍ഡ്, കോംഗോ, മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നിങ്ങനെ പട്ടിക നീളുന്നു. എന്നാല്‍ മേല്‍പ്പറഞ്ഞ 10 രാജ്യങ്ങളിലാണ് ലോകത്തിലെ അടിമകളില്‍ മുക്കാല്‍ ഭാഗവും ഉള്ളതെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ജനസംഖ്യാനുപാതത്തില്‍ കണക്കെടുക്കുമ്പോള്‍ ഇന്ത്യുയുടെ സ്ഥാനം പട്ടികയില്‍ നാലാമതാണ്. മൗറിതാനിയ, ഹൈത്തി, പാകിസ്താന്‍ എന്നീ രാഷ്ട്രങ്ങളാണ് അടിമകളുടെ എണ്ണത്തില്‍ നമുപക്ക് മുകളില്‍ ഉള്ളത്.
മൂന്ന് കോടിയോളം വരുന്ന അടിമകളില്‍ രണ്ടോ കോടിയോളം പേര്‍ നിര്‍ബന്ധിത തൊഴിലുകള്‍ക്ക് നിയോഗിക്കപ്പെടുന്നവരത്രെ. ഇതില്‍ നാല് ശതമാനത്തോളം പേര്‍ പരമ്പരാഗതമായി ഇതില്‍ പെട്ടു പോകുന്നവരാണ്. മറ്റുള്ളവര്‍ മനുഷ്യക്കടത്തിന്റെ ഭാഗമായോ ചിലപ്പോഴൊക്കെ വില്‍പനയുടെ ഭാഗമായോ എത്തപ്പെടുന്നുണ്ട്. ലൈംഗിക ചൂഷണവും ഇവിടങ്ങളില്‍ ഏറെയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications