ഇസ്രായേല്‍-ഹമാസ് യുദ്ധം പോലെ ഇന്ത്യയിലുണ്ടായിട്ടില്ല, കാരണം ഹിന്ദുമതമെന്ന് മോഹന്‍ ഭാഗവത്
നാഗ്പുര്‍: എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. അതിനാല്‍ തന്നെ ഇപ്പോള്‍ ഇസ്രയേലില്‍ നടക്കുന്നത് പോലുള്ള പ്രശ്നങ്ങള്‍ ഇന്ത്യയില്‍ ഒരിക്കലും സംഭവിച്ചിട്ടില്ല എന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പുരില്‍ ഛത്രപതി ശിവജിയുടെ 350-ാം പട്ടാഭിഷേക വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്‌കാരവുമാണ് ഈ രാജ്യത്തുള്ളത് എന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത് ഹിന്ദുക്കളുടെ രാജ്യമാണ് എന്നും അതിനര്‍ഥം മറ്റെല്ലാ മതങ്ങളെയും നാം തിരസ്‌കരിക്കുന്നു എന്നല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു ആണ് ഇവിടെയുള്ളത് എന്ന് പറഞ്ഞാല്‍ ഇവിടെ മുസ്ലിങ്ങളും സംരക്ഷിക്കപ്പെടുന്നു എന്ന് എടുത്തുപറയേണ്ട കാര്യമില്ല എന്നും ഭാഗവത് ചൂണ്ടിക്കാട്ടി.

മറ്റുള്ളവര്‍ അങ്ങനെ ചെയ്യില്ല എന്നും ഹിന്ദുക്കള്‍ക്ക് മാത്രമാണ് അങ്ങനെ ചെയ്യാന്‍ സാധിക്കുന്നത് എന്നും മോഹന്‍ ഭാഗവത് പറഞ്ഞു. എല്ലായിടത്തും പരസ്പരം സ്പര്‍ധയാണ് നടക്കുന്നത് എന്നും റഷ്യ-യുക്രൈന്‍ യുദ്ധം, ഇസ്രായേല്‍-ഹമാസ് യുദ്ധം എന്നിവ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. എന്നാല്‍ നമ്മുടെ രാജ്യത്ത് ഒരിക്കലും ഇത്തരം പ്രശ്നങ്ങളുടെ പേരില്‍ യുദ്ധം നടന്നിട്ടി എന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് ശിവജിയുടെ കാലത്തും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ നമ്മള്‍ ആരുമായും ഏറ്റുമുട്ടിയിട്ടില്ല എന്നും അതുകൊണ്ടാണ് നമ്മള്‍ ഹിന്ദുക്കളായിരിക്കുന്നത് എന്നും മോഹന്‍ ഭാഗവത് പറഞ്ഞു. അതേസമയം ഹമാസ് - ഇസ്രായേല്‍ യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 7 ന് ആരംഭിച്ച യുദ്ധം ഇന്ന് 16 ദിവസം പിന്നിട്ടിരിക്കുകയാണ്.












Click it and Unblock the Notifications