2040ല്‍ ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കും, സ്പേസ് സ്റ്റേഷന്‍ 2035ല്‍, പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ബഹിരാകാശത്തേക്ക് വന്‍ ദൗത്യങ്ങള്‍ പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍. ചന്ദ്രനിലേക്ക് 2040ഓടെ മനുഷ്യരെ അയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധിച്ച നിര്‍ദേശം ഐഎസ്ആര്‍ഒയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യക്ക് സ്വന്തമായി ഒരു സ്‌പേസ് സ്റ്റേഷന്‍ 2035ല്‍ സാധ്യമാക്കുന്ന കാര്യവും ഇതിലുണ്ട്. ചന്ദ്രയാന്‍ മൂന്നിന്റെ വിജയകരമായ ലാന്‍ഡിംഗും, ആദിത്യ എല്‍1 വിക്ഷേപണവും ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് വേഗം പകര്‍ന്നിരിക്കുകയാണ്.
ഓഗസ്റ്റില്‍ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലായിരുന്നു ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡ് ചെയ്തത്. ലോകത്ത് തന്നെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായിരുന്നു ഇന്ത്യ. അതിന് മുന്നേ റഷ്യ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേസമയം ചന്ദ്രയാന്റെ വിജയത്തിന് പിന്നാലെയായിരുന്നു സൂര്യനെ പഠിക്കാന്‍ ആദിത്യ എല്‍1 ലോഞ്ച് ചെയ്തത്. പുതിയതും, വലിയ വലുതുമായ ദൗത്യങ്ങള്‍ക്ക് ഇസ്രൊ തുടക്കമിടണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.

ഇതില്‍ ആദ്യത്തേത് ബഹിരാകാശ സ്റ്റേഷന്‍ 2035ഓടെ നിര്‍മിക്കുന്നതാണ്. ആദ്യ ബഹിരാകാശ യാത്രികനെ ചന്ദ്രനിലേക്ക് അയക്കുന്നതാണ് അടുത്ത ദൗത്യമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ചന്ദ്ര പര്യവേഷണത്തിനായി ഒരു രൂപരേഖ തയ്യാറാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ശുക്രന്‍, ചൊവ്വ പോലുള്ള ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് നിര്‍ദേശിച്ചു.












Click it and Unblock the Notifications