പാകിസ്ഥാനെ നേരിടാന്‍ ചൈനയുമായി കൈകോര്‍ക്കാന്‍ ഇന്ത്യ; ബദല്‍ വ്യോമപാതയ്ക്കായി നീക്കം
പാകിസ്ഥാന്‍ തങ്ങളുടെ വ്യോമപാത അടച്ച സാഹചര്യത്തില്‍, ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ബദല്‍ മാര്‍ഗമെന്ന നിലയില്‍ ഷിന്‍ജിയാങ് വ്യോമപാത ഉപയോഗിക്കുന്നത് സംബന്ധിച്ച് ഇന്ത്യ ചൈനയുമായി ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
ഹോട്ടാന്‍ വഴിയുള്ള വിമാന സര്‍വീസുകള്‍ക്കായി ഒരു വര്‍ഷത്തിലേറെയായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ബദല്‍ വ്യോമപാതകളെക്കുറിച്ച് ചൈനീസ് അധികൃതരുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും വിവരങ്ങളുണ്ട്. ഷീ ജിന്‍പിംഗിന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായി, ഗ്വാങ്ഷൂവിനും ന്യൂഡല്‍ഹിക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസ് സെപ്റ്റംബര്‍ 21 മുതല്‍ പുനരാരംഭിക്കുമെന്ന് ചൈന സതേണ്‍ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരുന്നു.

ആറ് വര്‍ഷത്തോളം നിര്‍ത്തിവെച്ചിരുന്ന സര്‍വീസാണിത്. കൊവിഡ് മഹാമാരിയെത്തുടര്‍ന്നും ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്നും തടസപ്പെട്ട ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വ്യോമബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ദക്ഷിണേഷ്യയിലെ എട്ട് റൂട്ടുകളിലായി ആഴ്ചയില്‍ 100-ലധികം വിമാന സര്‍വീസുകള്‍ നടത്തുമെന്നും, അതുവഴി ചൈനയും ഈ മേഖലയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ചൈന സതേണ്‍ എയര്‍ലൈന്‍സ് അറിയിച്ചു.
ഇന്ത്യയും ചൈനയും തമ്മിലുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച ആദ്യത്തെ ഇന്ത്യന്‍ എയര്‍ലൈന്‍ ഇന്‍ഡിഗോയാണ്. 2025 ഒക്ടോബറില്‍ കൊല്‍ക്കത്ത-ഗ്വാങ്ഷൂ റൂട്ടില്‍ സര്‍വീസ് പുനരാരംഭിച്ചുകൊണ്ടാണ് കമ്പനി ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങിയത്. തുടര്‍ന്ന് നവംബറില്‍ ഡല്‍ഹി-ഗ്വാങ്ഷൂ റൂട്ടിലും സര്‍വീസ് ആരംഭിച്ചു.
മെയിന്‍ലാന്‍ഡ് ചൈനയിലേക്കുള്ള സര്‍വീസുകളിലുണ്ടായിരുന്ന ഏകദേശം ആറ് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചുകൊണ്ട്, 2025 ഫെബ്രുവരി 1-ന് എയര്‍ ഇന്ത്യ ഡല്‍ഹിക്കും ഷാങ്ഹായിക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. തുടക്കത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകള്‍ നടത്തിയിരുന്ന കമ്പനി, മാര്‍ച്ച് 29 മുതല്‍ അത് ആഴ്ചയില്‍ അഞ്ചായി വര്‍ധിപ്പിച്ചു.
ന്യൂഡല്‍ഹിയും ബെയ്ജിംഗും തമ്മിലുള്ള വിപുലമായ നയതന്ത്ര സഹകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിമാന സര്‍വീസ് ബന്ധം പുനഃസ്ഥാപിക്കപ്പെട്ടത്. 2025 ഏപ്രില്‍ മുതല്‍ പാകിസ്ഥാന്‍ തങ്ങളുടെ വ്യോമപാത ഇന്ത്യക്കായി അടച്ചിട്ടിരിക്കുകയാണ്. അതിനാലാണ് ബദല്‍മാര്‍ഗങ്ങള്‍ തേടാന്‍ ഇന്ത്യ നിര്‍ബന്ധിതമായത്.
2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നും ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സൈനിക ഏറ്റുമുട്ടലിനെത്തുടര്‍ന്നും ന്യൂഡല്‍ഹിയുമായുള്ള സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ, ഇന്ത്യന്‍ വിമാനങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ പാകിസ്ഥാന്‍ രണ്ടാഴ്ച മുമ്പ് ഒരു മാസത്തേക്ക് കൂടി നീട്ടിയിരുന്നു.


Click it and Unblock the Notifications
