പണിക്ക് മറുപണി നല്‍കാന്‍ ഇന്ത്യ; യുഎസിന്റെ സ്റ്റീല്‍, അലുമിനിയം താരിഫിനെതിരെ മറുപടി നല്‍കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: ഇന്ത്യക്ക് കനത്ത തിരിച്ചടി നല്‍കി സ്റ്റീലിനും അലുമിനിയത്തിനും 50% താരിഫ് ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചെടി നല്‍കാന്‍ ഒരുങ്ങി ഇന്ത്യ. ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ പ്രകാരം യുഎസിനു മേല്‍ പകരച്ചുങ്കം ചുമത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ എന്തു നടപടി ആണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന് വ്യവസായ ലോകവും ഉറ്റുനോക്കുകയാണ്.
കഴിഞ്ഞ ജൂണിലാണ് ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍ അലൂമിനിയം എന്നിവയ്ക്ക് 50 ശതമാനം തീരുവ അമേരിക്ക ചുമത്തിയത്. ഇതിനു പകരമായി തിരഞ്ഞെടുത്ത അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ താരിഫ് നടപടികള്‍ ഏര്‍പ്പെടുത്തിയേക്കാം.

2024-25 സാമ്പത്തിക വര്‍ഷം ഇന്ത്യ 620 കോടി ഡോളറിന്റെ സ്റ്റീലും 86 കോടി ഡോളറിന്റെ അലുമിനിയവുമാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തത്. ഈ സാഹചര്യത്തില്‍ 50 ശതമാനം തീരുവ വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്. സ്റ്റീലിനും അലുമിനിയത്തിനും മേലുള്ള തീരുവകള്‍ ലോക വ്യാപാര സംഘടനയിലും ഒരു വ്യാപാര തര്‍ക്ക വിഷയമായി എത്തിയിട്ടുണ്ട്.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 25% തീരുവ ഏര്‍പ്പെടുത്തിയതായി ജൂലൈയില്‍ പ്രഖ്യാപിച്ച ട്രംപ് പിന്നീട് റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നതിന്റെ പേരില്‍ ഓഗസ്റ്റില്‍ വീണ്ടുമൊരു 25 ശതമാനം കൂടി ചുമത്തി. ഇതോടെ ഇന്ത്യയ്ക്കു മേലുള്ള തീരുവ 50 ശതമാനമായി കുത്തനെ ഉയര്‍ന്നു. ഈ രണ്ടു നടപടികള്‍ക്കു ശേഷണുള്ള ഇന്ത്യയുടെ ആദ്യത്തെ പ്രതികാര നടപടിയായിരിക്കും ഇത്.
ലോക വ്യാപാര സംഘടന നിയമങ്ങള്‍ പ്രകാരം സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്കെതിരായ പ്രതികാര നടപടിക്ക് ഇന്ത്യ നിയമോപദേശം തേടിയിട്ടുണ്ട്. ഇന്ത്യയുടെ ആശങ്കകള്‍ അമേരിക്ക പരിഗണിക്കാനോ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ പോലുമോ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇന്ത്യ പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്ന് ഈ മേഖലയിലുള്ള വിദഗ്ധര്‍ പറഞ്ഞു.
ട്രംപിന്റെ നടപടികള്‍ മൂലം യുഎസിലേക്കുള്ള 7.6 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ കയറ്റുമതിക്കാണ് തിരിച്ചടി നേരിടുന്നത്. ഇതിന് ആനുപാതിക നടപടിയെടുക്കാനുള്ള ഇന്ത്യയുടെ അവകാശത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ലോക വ്യാപാര സംഘടനയെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യ പകരം തീരുവ ചുമത്തിയില്ലെങ്കില്‍ അത് ഇന്ത്യയുടെ ദൗര്‍ബല്യമായി പ്രതിപക്ഷ കക്ഷികള്‍ പ്രചരിപ്പിക്കാന്‍ ഇടയുണ്ട്. അതിനാല്‍ പകരം തീരുവ ചുമത്തുന്നതു സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭ ഉടന്‍ ചര്‍ച്ച ചെയ്‌തേക്കും. അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം എംപിമാര്‍ക്കിടയില്‍ ശക്തമായി ഉയരുന്നുണ്ട്.
അമേരിക്ക ഇന്ത്യന്‍ വിപണിയിലേക്ക് 45 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഉല്‍പ്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം 2030 ആകുമ്പോഴേക്കും 500 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തുമെന്ന പ്രഖ്യാപനങ്ങള്‍ക്കിടെയാണ് ഈ തിരിച്ചടി. പരസ്പരമുള്ള ഈ താരിഫ് യുദ്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളെയും ദുര്‍ബലപ്പെടുത്തുന്ന അവസ്ഥയാണ്.












Click it and Unblock the Notifications