ചൈന പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ തങ്ങള്‍ക്കെതിരെ ആരോപണം നടത്തുന്നു: പാകിസ്താന്‍
ദില്ലി: ദില്ലിയിലെ പാകിസ്താന്‍ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോദസ്ഥരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച് ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതികരിച്ച് പാകിസ്താന്‍. ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ നിന്ന് പ്രതിപക്ഷത്തിന്റെ ശ്രദ്ധ തിരിക്കാനായി ഇന്ത്യ തങ്ങളുടെ രാജ്യത്തിന് നേരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി അഭിപ്രായപ്പെട്ടത്. 'ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില് നിന്നും മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. അതിനുള്ള നടപടികാണ് അവര്‍ ഇപ്പോള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്'-ഖുറേഷി ജിയോ പാകിസ്താനോട് പറഞ്ഞു.

പാകിസ്ഥാനെതിരെ തെറ്റായ പ്രവർത്തനങ്ങള്‍ നടത്താൻ ഇന്ത്യ ഒഴികഴിവ് കണ്ടെത്തുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യത്തില്‍ കുടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. '20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ഗാൽവാൻ താഴ്‌വരയിൽ ചൈനയുമായുള്ള അതിർത്തി തർക്കത്തിനെതിരെ മോദി സർക്കാർ നേരിടുന്ന വിമർശനത്തെ പരാമർശിച്ച് ഇന്ത്യയിലെ പ്രതിപക്ഷം തങ്ങളുടെ സർക്കാരിന് ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. ഇതില്‍ നിന്ന ശ്രദ്ധ തിരിക്കാന്‍ തങ്ങളുടെ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നത് ഇന്ത്യ ഒഴിവാക്കണം'-ഖുറേഷി പറഞ്ഞു.
പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥർ ദില്ലിയില്‍ ചാരവൃത്തി നടത്തിയെന്ന് ഇന്ത്യ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഖുറേഷി, പാകിസ്ഥാൻ ഉദ്യോഗസ്ഥരെ ഇന്ത്യയിൽ ഉപദ്രവിച്ചുവെന്നും അവരുടെ കാറുകൾ അധികൃതർ പിന്തുടരുന്നുവെന്നും ആരോപിച്ചു. ചാരപ്രവർത്തനവും ഇന്ത്യാവിരുദ്ധ നടപടികളും ചൂണ്ടിക്കാട്ടി ദില്ലിയിലെ പാകിസ്താൻ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ ഇന്ത്യ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണവും പകുതിയാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ പുതിയ തീരുമാനം നടപ്പില്‍ വരുമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications