റഷ്യ തുണച്ചു: ഇന്ത്യന്‍ കമ്പനികള്‍ക്ക് 27000 കോടിയുടെ ലാഭം, എന്നിട്ടും പെട്രോള്‍ വില കുറയുന്നില്ല, എന്തുകൊണ്ട്
ഡല്‍ഹി: റഷ്യന്‍ ക്രൂഡ് ഓയില്‍ വിലക്കിഴിവില്‍ ലഭിച്ചതോടെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യൻ റിഫൈനർമാർ ഉണ്ടാക്കിയത് വന്‍ ലാഭമെന്ന് റിപ്പോർട്ട്. ഏകദേശം 3.3 ബില്യൺ ഡോളറിന്റെ ലാഭമാണ് എണ്ണ കമ്പനികള്‍ക്ക് ഉണ്ടായിരിക്കുന്നത്. അതായത് 27000 കോടിയിലേറെ ഇന്ത്യന്‍ രൂപ. ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിലെ ഇന്ത്യയുടെ ഔദ്യോഗിക വ്യാപാര ഡാറ്റ ഉദ്ധരിച്ചാണ് ഇത് സംബന്ധിച്ച കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഉക്രെയ്‌ന്‍ യുദ്ധത്തിന് മുമ്പ് ഇന്ത്യയ്ക്ക് ക്രൂഡ് വിതരണം ചെയ്യുന്ന ഒരു നാമമാത്ര രാജ്യമായിരുന്ന റഷ്യ. എന്നാല്‍ ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ രാജ്യത്തിന്റെ ഏറ്റവും വലിയ എണ്ണസ്രോതസ്സായി റഷ്യമാറി. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 39 ശതമാനവും അളവ് അനുസരിച്ച് 36 ശതമാനവും റഷ്യയില്‍ നിന്നാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്.

ക്രൂഡ് ഓയിലിന്റെ ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. ആവശ്യമായതിന്റെ 85 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. മൂല്യമനുസരിച്ച് ഇന്ത്യയുടെ ചരക്ക് ഇറക്കുമതിയുടെ പട്ടികയിലും ക്രൂഡ് ഓയിൽ ഒന്നാമതാണ്. 2022 ഫെബ്രുവരിയിലെ ഉക്രെയ്‌ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചതോടെ റഷ്യന്‍ ക്രൂഡ് ഓയിലിന് വലിയ തോതിലുള്ള കിഴിവുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയത്.
നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസത്തെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ആകെ മൂല്യം 63.86 ബില്യൺ ഡോളറാണ്. മറ്റെല്ലാ വിതരണക്കാരിൽ നിന്നും അസംസ്‌കൃത എണ്ണയ്‌ക്ക് അവർ നൽകിയ ശരാശരി വില ബാരലിന് റഷ്യൻ എണ്ണയ്‌ക്കായും ഇന്ത്യൻ റിഫൈനർമാർ നൽകിയിരുന്നെങ്കിൽ, എണ്ണ ഇറക്കുമതി ബിൽ 67.14 ബില്യൺ ഡോളറാകുമായിരുന്നുവെന്നും ദി ഇന്ത്യൻ എക്‌സ്‌പ്രസ് ചൂണ്ടിക്കാണിക്കുന്നു.
ഈ കാലയളവിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ മൂല്യം 22.84 ബില്യൺ ഡോളറാണ്.
അളവ് കണക്കിലെടുത്താൽ, ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യ മൊത്തം 111.51 ദശലക്ഷം ടൺ അഥവാ 817.35 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. ഈ കാലയളവിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 43.38 ദശലക്ഷം ടൺ അല്ലെങ്കിൽ 317.96 ദശലക്ഷം ബാരൽ ആണ്.
അതേസമയം, ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യൻ റിഫൈനറുകൾക്കുള്ള റഷ്യൻ ക്രൂഡിന്റെ ശരാശരി ലാൻഡ് വില ബാരലിന് 71.83 ഡോളറാണ്. റിപ്പോർട്ട് അനുസരിച്ച് പരമ്പരാഗത് ഇറക്കുമതിക്കാരായ ഇറാഖ്, സൌദി എന്നിവിടങ്ങളില്‍ നിന്നുള്ള ബാരലുകളുടെ ശരാശരി വിലയേക്കാൾ 10.32 ഡോളർ കുറവാണ് ഇത്. ഇന്ത്യയുടെ വിദേശ വ്യാപാരത്തിന്റെ മൊത്തത്തിലുള്ള കണക്കില്‍ 3.3 ബില്യൺ വലിയ തുകയായിരിക്കില്ലെങ്കിലും രാജ്യത്തെ പ്രധാന എണ്ണ ഇറക്കുമതിക്കാർക്ക് ഈ സമ്പാദ്യം ഏറെ വിലപ്പെട്ടതാണ്.
ഇത്രയും ലാഭം ഉണ്ടായിട്ടും പെട്രോളിയം വില കുറക്കാത്തത് എന്താണെന്ന ചോദ്യവും നേരത്തെ ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് പെട്രോളിയം വിലയില്‍ കുറവുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇതിനിടയിലാണ് റഷ്യയും സൌദിയും ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്നതും ഇസ്രായേല്‍-ഹമാസ് സംഘർഷം ആരംഭിക്കുന്നതും. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില വീണ്ടും ഉയർന്നു.












Click it and Unblock the Notifications