ഫ്രാൻസിൽ നിന്ന് 26 റഫാൽ വിമാനങ്ങളും 3 അന്തർവാഹിനികളും വാങ്ങാനൊരുങ്ങി ഇന്ത്യ; വിശദവിവരങ്ങൾ
ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് 26 റഫാൽ യുദ്ധ വിമാനങ്ങളും മൂന്ന് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം പ്രതിരോധ സേന പ്രതിരോധ മന്ത്രാലയത്തിന് മുമ്പാകെ വെച്ചിട്ടുണ്ടെന്നും ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് സന്ദർശിക്കുമ്പോൾ ഇക്കാര്യം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിർദ്ദേശങ്ങൾ അനുസരിച്ച്, ഇന്ത്യൻ നാവികസേനയ്ക്ക് 22 ഒറ്റ സീറ്റുള്ള റഫാൽ മറൈൻ വിമാനങ്ങളും നാല് ട്രെയിനർ വിമാനങ്ങളും ലഭിക്കും.
രാജ്യത്തുടനീളമുള്ള സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് ക്ഷാമം നേരിടുന്ന ഈ യുദ്ധവിമാനങ്ങളും അന്തർവാഹിനികളും അടിയന്തരമായി ഏറ്റെടുക്കാൻ നാവികസേന സമ്മർദ്ദം ചെലുത്തുന്നതായും റിപ്പോർട്ട് ഉണ്ട്.

ഐഎൻഎസ് വിക്രമാദിത്യ, വിക്രാന്ത് എന്നീ വിമാനവാഹിനി കപ്പലുകളിൽ നിലവി മിഗ് 29 വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിൽ റഫാൽ വിമാനങ്ങൾ ആവശ്യമാണ്, മുംബൈയിൽ മസഗോൺ ഡോക്ക് യാർഡ്സ് ലിമിറ്റഡിൽ നിർമ്മിക്കുന്ന പ്രോജക്ട് 75ന്റെ ഭാഗമായി മൂന്ന് സ്കോർപീൻ ക്ലാസ് അന്തർ വാഹിനികൾ നാവികസേന റിപ്പീറ്റ് ക്ലോസ് പ്രകാരം ഏറ്റെടുക്കും.
90,000 കോടി രൂപയിൽ അധികം വിലമതിക്കുന്ന ഇടപാടുകളാണ് പ്രതീക്ഷിക്കുന്നത്, എന്നാൽ കരാർ പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന കരാർ ചർച്ചകൾ പൂർത്തിയായതിന് ശേഷമേ അന്തിമ ചെലവ് വ്യക്തമാകുകയൂള്ളൂ. ഇടപാടിൽ ഇന്ത്യ ഇളവുകൾ തേടാൻ സാധ്യത ഉണ്ടെന്നാണ് വിവരം. അതേസമയം പദ്ധതിയിൽ കൂടുതൽ 'മേക്ക്-ഇൻ-ഇന്ത്യ' ഉള്ളടക്കം വേണമെന്ന് നിർബന്ധം പിടിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
36 യുദ്ധവിമാനങ്ങൾക്കായുള്ള മുൻ റഫേഫാൽ കരാറിലെന്നപോലെ റഫാൽ എം ഇടപാടിനായി ഇന്ത്യയും ഫ്രാൻസും സംയുക്ത സംഘം രൂപീകരിക്കുമെന്ന് വ്യവസായ വൃത്തങ്ങൾ അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിൽ കരാർ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടത്തിയ ശേഷം ഈ വിഷയം ദിവസങ്ങൾക്കകം ഡിഫൻസ് അക്വിസിഷൻ കൗൺസിലിന് മുന്നിൽ വെക്കും. ജൂലായ് 13, 14 തീയതികളിലാണ് പ്രധാനമന്ത്രി ഫ്രാൻസ് സന്ദർശിക്കുന്നത്.












Click it and Unblock the Notifications