ഇന്ത്യ എന്ന പേര് മാറ്റിയേക്കും; പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതിയ പേര് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാനാണ് നീക്കം നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജി20 രാഷ്ട്ര നേതാക്കളെ അത്താഴത്തിന് ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇറക്കിയ കുറിപ്പില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് ചേര്‍ത്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
ഈ മാസം നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് മാറ്റുന്ന തീരുമാനം വന്നേക്കുമെന്നാണ് വാര്‍ത്തകള്‍. ബന്ധപ്പെട്ട ബില്ല് പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചേക്കും. സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജ്യത്തിന്റെ പേര് മാറ്റുന്നു എന്ന വാര്‍ത്തകള്‍.

രാജ്യത്തിന്റെ പേര് മാറ്റണമെങ്കില്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. രാജ്യത്തിന്റെ പേര് മാറ്റണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അടുത്തിടെ ഇക്കാര്യം പൊതുപരിപാടിയില്‍ പ്രസംഗിക്കുകയും ചെയ്തു. പുരാതന കാലം മുതല്‍ ഭാരതം എന്നാണ് രാജ്യത്തിന്റെ പേര് എന്ന് ഇവര്‍ പറയുന്നു.
ജി20 രാജ്യങ്ങളുടെ ഉച്ചകോടി ഈ മാസം എട്ട് മുതല്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിദേശ പ്രതിനിധികള്‍ക്കുള്ള രാഷ്ട്രപതി ഭവന്റെ കത്തില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാണ് എഴുതിയിരിക്കുന്നത്. സാധാരണ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്ന് കാണുന്നതിന് പകരം ഇത്തവണ പ്രസിഡന്റ് ഓഫ് ഭാരത് എന്നാണെന്ന് ജയറാം രമേശ് പറയുന്നു.
വാര്‍ത്തകള്‍ സത്യമാകുന്നു. സെപ്തംബര്‍ ഒമ്പതിന് ജി20 പ്രതിനിധികള്‍ക്കുള്ള അത്താഴ വിരുന്ന് കത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് എഴുതിയിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രം വളച്ചൊടിക്കുന്നതും ഇന്ത്യയെ വിഭജിക്കുന്നതും മോദി തുടരുന്നു. എന്നാല്‍ ഞങ്ങള്‍ പിന്തിരിയില്ല- ജയറാം രമേശ് ട്വിറ്ററില്‍ പ്രതികരിച്ചു. മാത്രമല്ല, അദ്ദേഹം ഭാരതം എന്നതിന് പുതിയ വിശദീകരണവും നല്‍കുന്നു.
ഇതിനിടെ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അടുത്തിടെ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളായി ഭാരതം എന്നായിരുന്നു നമ്മുടെ രാജ്യത്തിന്റെ പേര്. ഇന്ത്യ എന്നായിരുന്നില്ലെന്നും ഭാഗവത് പറഞ്ഞു. പുതിയ വാര്‍ത്തകള്‍ വന്നതോടെ രാജ്യത്തിന്റെ പേര് മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.












Click it and Unblock the Notifications