ആപ്പിന് പരിചയസമ്പത്ത് പോരെന്ന് മോഡി
പനാജി: ടി വി ചാനലുകളില്‍ തിളങ്ങി നില്‍ക്കുന്നവരെയല്ല, പരിചയസമ്പത്തുള്ള രാഷ്ട്രീയക്കാരെയാണ് രാജ്യത്തെ നയിക്കാന്‍ ആവശ്യമെന്ന് ബി ജെ പി നേതാവ് നരേന്ദ്രമോഡി. സെക്യൂരിറ്റി സുരക്ഷ ഒഴിവാക്കാന്‍ ശ്രമിച്ചും ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചും ശ്രദ്ധയാകര്‍ഷിക്കുന്ന ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരായ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഗോവയിലെ പാര്‍ട്ടി റാലിയെ അഭിമുഖീകരിച്ച ശേഷം ട്വിറ്ററിലാണ് മോഡി ഇക്കാര്യം കുറിച്ചത്. ദില്ലിയിലെ അരവിന്ദ് കെജ്രിവാളിന്റെ മന്ത്രിസഭയ്ക്ക് പരിചയസമ്പത്തില്ല എന്നായിരുന്നു മോഡി പരാമര്‍ശിച്ചത്. കെജ്രിവാളിനെക്കാള്‍ ലളിതമായി ജീവിക്കുകയും സുരക്ഷാ സൗകര്യങ്ങള്‍ വേണ്ടെന്ന് വെക്കുകയും ചെയ്‌യുന്ന മുഖ്യമന്ത്രിയാണ് ഗോവയിലെ മനോഹര്‍ പരീക്കര്‍.

എന്നാല്‍ മാധ്യമങ്ങള്‍ ഇതോന്നും കാണില്ല എന്നും എല്ലാവരും ദില്ലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് എന്നും മോഡി കുറ്റപ്പെടുത്തി. ദില്ലിയിലായിരുന്നെങ്കില്‍ മനോഹര്‍ പരീക്കറും ഇതുപോലെ ആഘോഷിക്കപ്പെടുമായിരുന്നു. പരീക്കര്‍ മാത്രമല്ല, ബി ജെ പിയുടെ മറ്റ് മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാനും രമണ്‍സിംഗും, മുന്‍ മുഖ്യമന്ത്രിയായ പ്രേം കുമാര്‍ ധുമാലും ലളിതജീവിതവും പ്രവര്‍ത്തനരീതിയും പാലിക്കുന്നവരാണ്.
താന്‍ 12 വര്‍ഷമായി ഗുജറാത്ത് മുഖ്യമന്ത്രിയാണ്. എന്നിട്ടും താന്‍ ടി വി ചാനലിലോ പത്രങ്ങളിലോ ആളായിട്ടില്ല. എന്നാല്‍ ജനങ്ങളുടെ ഹൃദയത്തില്‍ വിജയിക്കാന്‍ സാധിച്ചു. ടി വി ചാനലിലെ താരങ്ങള്‍ വേണോ അതോ നിലത്ത് ചവിട്ടി നില്‍ക്കുന്ന സാധാരണക്കാരന്‍ വേണമോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ചായവിറ്റ് നടന്ന ഒരു സാധാരണക്കാരനെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാന്‍ വരെ തയ്യാറായ പാര്‍ട്ടിയാണ് ബി ജെ പി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി വോട്ട് ചെയ്യും, അല്ലാതെ ഏതെങ്കിലും ഒരു വ്യക്തിക്കല്ല.












Click it and Unblock the Notifications