ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് ട്രെയിന്‍; യാത്ര, റൂട്ട്, സ്റ്റേഷനുകള്‍.... അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. ബിഹാറിലെ ജയനഗറില്‍ നിന്ന് നേപ്പാളിലേക്ക് ജനക്പൂരിലെ കുര്‍ത്തയിലേക്കാണ് സര്‍വീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെയും ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു. എട്ട് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ ആറിടത്ത് ട്രെയിന്‍ നിര്‍ത്തും. 47 റോഡ് ക്രോസിങുകള്‍ ഈ പാതയിലുണ്ട്. 127 ചെറുപാലങ്ങളും 15 വലിയ പാലങ്ങളും നിര്‍മിച്ചിരിക്കുന്ന ഈ പാത 34.9 കിലോമീറ്ററുണ്ട്. ജനക്പൂരിലേക്കുള്ള തീര്‍ഥാടകരെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ പാത നിര്‍മിച്ചിരിക്കുന്നത്.
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് 4 കിലോമീറ്റര്‍ മാത്രം അകലെയുള്ള ബിഹാറിലെ റെയില്‍വെ സ്‌റ്റേഷനാണ് ജയനഗര്‍. മധുബാനി ജില്ലയിലെ ജയനഗറില്‍ നിന്ന് നേപ്പാളിലേക്കുള്ള ബ്രോഡ് ഗേജ് പാത നിലവില്‍ കുര്‍ത്ത വരെയാണ്. ഇത് 17 കിലോമീറ്റര്‍ കൂടി നീട്ടി ബിജല്‍പുരയിലേക്ക് വിപുലീകരിക്കാന്‍ പദ്ധതിയുണ്ട്. ജയനഗര്‍-ബിജാല്‍പുര റെയില്‍സര്‍വീസ് 1937ല്‍ ബ്രിട്ടീഷുകാരാണ് തുടങ്ങിയത്. നേപ്പാളിലെ പ്രളയം കാരണം 2001ല്‍ ഇത് നിര്‍ത്തിവയ്ക്കുകയായിരുന്നു. റെയില്‍വെ ട്രാക്കുകളുടെ പുനര്‍നിര്‍മാണത്തിന് 1000 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

200 കോടി രൂപ ചെലവിട്ട് നേപ്പാള്‍ സര്‍ക്കാര്‍ രണ്ടു ട്രെയിനുകള്‍ ഒരുക്കുകയും ചെയ്തു. കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡാണ് 1600 എച്ച്പിയുടെ രണ്ട് ഡെമു പാസഞ്ചര്‍ ട്രെയിനുകള്‍ ഈ പാതയ്ക്കായി ലഭ്യമാക്കിയത്. കൂടാതെ അറ്റക്കുറ്റ പണിക്കായി രണ്ട് ചെറു ട്രെയിനുകളും അനുവദിച്ചു. രണ്ടു ഡെമു ട്രെയിനുകളിലും രണ്ടുവീതം എസി കോച്ചുകളുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഈ ട്രെയിനുകള്‍ നേപ്പാളിന് നല്‍കിയത്. നേപ്പാളിലെ ആദ്യ ബ്രോഡ് ഗേജ് പാതയാണിത് എന്ന പ്രത്യേകത കൂടിയുണ്ട് ജയനഗര്‍-കുര്‍ത്ത റൂട്ടിന്.

ബ്രിട്ടീഷുകാര്‍ നിര്‍മിച്ചത് മീറ്റര്‍ ഗേജ് പാതയായിരുന്നു. വെള്ളപ്പൊക്കം കാരണം സര്‍വീസ് നിര്‍ത്തിവയ്ക്കുന്ന വരെ ഈ പാതയിലായിരുന്നു സര്‍വീസ്. നേപ്പാളില്‍ ബ്രോഡ് ഗേജ് സര്‍വീസ് ആരംഭിക്കുന്നതിന് ഇന്ത്യ വലിയ സംഭാവനയാണ് നല്‍കുന്നത്. നേപ്പാളില്‍ ബ്രോഡ് ഗേജ് അല്ലാത്തതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് ആ രാജ്യത്തേക്ക് വ്യാപിപ്പിക്കുന്നതിന് തടസം നേരിട്ടിരുന്നു. അറ്റക്കുറ്റ പണിക്കായി നേപ്പാളിലുള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വെ പരിശീലനം നല്‍കുകയും ചെയ്യുന്നു.
നേപ്പാള്‍ പ്രധാനമന്ത്രി റെയില്‍വെ സര്‍വീസിന്റെ ഉദ്ഘാടനത്തിന് വേണ്ടി ശനിയാഴ്ച ഡല്‍ഹിയിലെത്തിയിരുന്നു. ഹൈദരാബാദ് ഹൗസില്‍ മോദിയും ഷേര്‍ ബഹാദൂറും തമ്മില്‍ ചര്‍ച്ച നടത്തി. നേപ്പാളില്‍ നിന്നുള്ള പ്രതിനിധികളും ഷേര്‍ ബഹാദൂറിനൊപ്പമുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഷേര്‍ ബഹാദൂര്‍ നേപ്പാള്‍ പ്രധാനമന്ത്രിയായത്. അതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയാണിത്.












Click it and Unblock the Notifications