ഒരു വെടി പോലും വയ്ക്കില്ലെന്ന് ഇന്ത്യാ-പാക് ഡിജിഎംഒ തല ചര്‍ച്ചയില്‍ ധാരണ; തൊട്ടുപിന്നാലെ പാക് പ്രകോപനം
ന്യൂഡല്‍ഹി: ഇന്ത്യയിലെയും പാകിസ്ഥാനിലെയും സൈനിക ഓപ്പറേഷന്‍സ് മേധാവികള്‍ നടത്തിയ ചര്‍ച്ചയില്‍ പരസ്പരം വെടിവയ്പ്പ് നടത്തില്ലെന്ന് ധാരണ. ഇരു രാജ്യങ്ങളുടെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ ഹോട്ട് ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തിയത്. വെടിനിര്‍ത്തല്‍ ധാരണ തുടരാനാണ് ചര്‍ച്ചയിലെ തീരുമാനം. ഇരു രാജ്യങ്ങളും ഏര്‍പ്പെട്ട സമാധാന കരാറിന്റെ വിവിധ വശങ്ങളെക്കുറിച്ച് സൈനികത്തലവന്‍മാര്‍ ചര്‍ച്ച നടത്തി.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്ന് രണ്ട് ദിവസം പിന്നിടുമ്പോഴാണ് ഇരു രാജ്യങ്ങളിലെയും സൈനികത്തലവന്‍മാര്‍ ചര്‍ച്ച നടത്തിയത്. ഒരു തരത്തിലുള്ള ആക്രമണങ്ങളിലും ഏര്‍പ്പെടില്ലെന്നും വെടിവയ്പ്പ് നടത്തില്ലെന്നും ഇരു രാജ്യങ്ങളും സമ്മതിച്ചതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. പരസ്പരമുള്ള ശത്രുതാപരവുമായ നടപടികള്‍ നിര്‍ത്തിവയ്ക്കാനും തീരുമാനമായി.

ഇന്നലെ വൈകുന്നേരം ആരംഭിച്ച ചര്‍ച്ച 30 മിനിറ്റോളം നീണ്ടു നിന്നു. ഇന്ത്യയുടെ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവും പാകിസ്ഥാന്‍ ഡിജിഎംഒ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുള്ളയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
'ഇരുപക്ഷവും ഒരു വെടി പോലും പ്രയോഗിക്കുകയോ പരസ്പരം ശത്രുതാപരമായ നടപടികള്‍ തുടരുകയോ ചെയ്യില്ലെന്ന് ധാരണയായിട്ടുണ്ട്. അതിര്‍ത്തികളില്‍ നിന്നും മുന്നോട്ടുള്ള പ്രദേശങ്ങളില്‍ നിന്നും സൈനികരെ കുറയ്ക്കാനും ധാരണയായി.
അതേസമയം, എന്നാല്‍ ഈ ചര്‍ച്ചയ്ക്ക് ശേഷം മണിക്കൂറുകള്‍ക്കകം പാകിസ്ഥാന്റെ ഭാഗത്തു നിന്ന് ഡ്രോണ്‍ ആക്രമണ ശ്രമം ഉണ്ടായി. ഇതില്‍ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യ.
26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര താവളങ്ങളില്‍ ആക്രമണം നടത്തി. ഇതേ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചത്.












Click it and Unblock the Notifications