സാമ്പത്തിക, സൈനിക ശേഷിയിൽ കരുത്തുകാട്ടി; ഏഷ്യ പവർ ഇൻഡക്സിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്
ഏഷ്യ പവർ ഇൻഡക്സ് 2025-ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ. 81.7 സ്കോറുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് . ചൈന 27 രാജ്യങ്ങളിൽ നിന്ന് 73.7 സ്കോറുമായി രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 1 ശതമാനം വർധനവാണ് ഇത്. മൊത്തം ശക്തിയുടെ കാര്യത്തിൽ ഇന്ത്യ 40 സ്കോറുമായാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. കോവിഡ്ാനന്തര കാലഘട്ടത്തിലെ ശക്തമായ സാമ്പത്തിക വീണ്ടെടുപ്പും വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സ്വാധീനവുമാണ് ഇന്ത്യയുടെ വർധിച്ചുവരുന്ന മേധാവിത്തത്തിന് പിന്നിൽ.
ഏഷ്യയിലെ ശക്തിയേറിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പല രാജ്യങ്ങളേക്കാളും മുന്നിലാണെങ്കിലും ചൈനയെക്കാൾ ഏറെ പിന്നിലാണ്. വിവിധ മേഖലകളിൽ ഇന്ത്യയും ചൈനയും തങ്ങളുടെ നില മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ വലിയ വിടവ് ഇപ്പോഴും നിലനിൽക്കുന്നതായി പട്ടിക ചൂണ്ടിക്കാട്ടുന്നു. 2019-ന് ശേഷം റഷ്യയും ഏഷ്യയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ചു. ഇത് മേഖലയിലെ അധികാരഘടനയിൽ പുതിയ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ശക്തിയാണ് ഏഷ്യാ പവർ ഇൻഡക്സ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.

"ഏഷ്യ പവർ ഇൻഡക്സിന്റെ 2025 ലെ പതിപ്പിൽ ഇന്ത്യയുടെ സാമ്പത്തിക, സൈനിക ശേഷി വർദ്ധിച്ചു. അതിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമായി വളരുകയും അന്താരാഷ്ട്ര സ്വാധീനം, കണക്റ്റിവിറ്റി, സാങ്കേതികവിദ്യ എന്നിവയുടെ അടിസ്ഥാനത്തിൽ ഭൗമരാഷ്ട്രീയ പ്രാധാന്യം നേടുകയും ചെയ്തു. ഇന്ത്യയുടെ സൈനിക ശേഷിയും ക്രമാനുഗതമായി മെച്ചപ്പെട്ടു," ലോവി ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ റിപ്പോർട്ടിൽ പറഞ്ഞു.
മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ, ഉത്തരകൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി പ്രതിരോധ, സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കിയ റഷ്യ തിരിച്ചുവരവിന്റെ പാതയിലാണ്. വിവിധ സൂചികകളിൽ നെഗറ്റീവ് ഫലങ്ങൾ രേഖപ്പെടുത്തിയിട്ടും ജപ്പാൻ അതിന്റെ ശക്തി നിലനിർത്തുന്നു. മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ 2025-ൽ തങ്ങളുടെ മൊത്തത്തിലുള്ള ശക്തിയിൽ ചെറിയ പുരോഗതി രേഖപ്പെടുത്തുന്നുണ്ട്. വൻകരയിലെ ആപേക്ഷിക ശക്തി നിലനിർത്താൻ ഓസ്‌ട്രേലിയ ദീർഘകാല വെല്ലുവിളികൾ നേരിടുമ്പോൾ, ചൈന നേട്ടം കൈവരിക്കുകയും അമേരിക്കയുമായുള്ള വ്യത്യാസം കുറയ്ക്കുകയും ചെയ്തു.
27 രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും ശക്തിയാണ് ഏഷ്യ പവർ ഇൻഡക്സിന്റെ ഏഴാം പതിപ്പ് വിലയിരുത്തിയത്.സൈനിക ശേഷി, പ്രതിരോധ ശൃംഖലകൾ, സാമ്പത്തിക ശേഷി, ബന്ധങ്ങൾ, നയതന്ത്ര, സാംസ്കാരിക സ്വാധീനം, പ്രതിരോധശേഷി, ഭാവി വിഭവങ്ങൾ എന്നിവ ഉൾപ്പെടെ എട്ട് വിഭാഗങ്ങളിലാണ് 131 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്.












Click it and Unblock the Notifications