മാലിദ്വീപ് വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യ: രണ്ട് രാജ്യങ്ങള്‍ക്കും സ്വീകാര്യമായ പരിഹാരത്തിന് ശ്രമം
ഡല്‍ഹി: ഇന്ത്യ-മാലദ്വീപ് ഉന്നതതല കോർ ഗ്രൂപ്പിന്റെ ആദ്യ യോഗം ഞായറാഴ്ച മാലെയിൽ നടന്നതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. നടന്നുകൊണ്ടിരിക്കുന്ന വികസന സഹകരണ പദ്ധതികളുടെ നടത്തിപ്പ് ത്വരിതപ്പെടുത്തുന്നതുൾപ്പെടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ മനസ്സിലാക്കുന്നതിനായി ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിശാലമായ വിഷയങ്ങളിൽ ഇരുപക്ഷവും കൂടിക്കാഴ്ചയിൽ ചർച്ച നടത്തിയതായും മന്ത്രാലയം അറിയിച്ചു.
"മാലിദ്വീപിലെ ജനങ്ങൾക്ക് മാനുഷികവും മികച്ച സേവനങ്ങളും നൽകുന്ന ഇന്ത്യൻ വ്യോമയാന പ്ലാറ്റ്‌ഫോമുകളുടെ തുടർച്ചയായ പ്രവർത്തനം പ്രാപ്‌തമാക്കുന്നതിന് പരസ്‌പരം പ്രവർത്തിക്കാവുന്ന പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ച് ഇരുപക്ഷവും ചർച്ചകൾ നടത്തി," വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിൽ ഹൈ-ലെവൽ കോർ ഗ്രൂപ്പിന്റെ അടുത്ത യോഗം പരസ്പരം സൗകര്യപ്രദമായ തീയതിയിൽ നടത്താൻ ധാരണയായെന്നും മന്ത്രാലയം വ്യക്തമാക്കി.

മാർച്ച് 15 ന് മുമ്പ് ഇന്ത്യൻ സർക്കാർ തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരെ ദ്വീപ് രാഷ്ട്രത്തിൽ നിന്ന് പിൻവലിക്കണമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നിർദ്ദേശിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വരുന്നത്.
മാർച്ച് 15-നകം ഇന്ത്യൻ സൈനികർ രാജ്യം വിടണമെന്ന നിർദേശവുമായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നേരത്തെ രംഗത്ത് വന്നിരുന്നു . അധികാരമേറ്റെടുത്തതിന് ശേഷം ചൈനയിലേക്കുള്ള തന്റെ ആദ്യസന്ദർശനത്തിനിടെ ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് മുഹമ്മദ് മുയിസുവിന്റെ ശ്രദ്ധേയമായ നിർദേശം. മാലിദ്വീപ് ഇന്ത്യയെ കൈവെടിഞ്ഞ് ചൈനയുമായി കൂടുതല്‍ അടുക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയായിട്ടാണ് നയതന്ത്ര ഉദ്യോഗസ്ഥർ ഇതിനെ വിലയിരുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം മാലദ്വീപ് മന്ത്രിമാർ മോശമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കം അടുത്തിടെ വളരെ അധികം രൂക്ഷമായിരുന്നു. മോദി വിരുദ്ധ പരാമർശത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മാലിദ്വീപ് ബഹിഷ്കരണ ക്യാമ്പയ്നുകള്‍ക്ക് പുറമെ പ്രതിപക്ഷ വിമർശനം കൂടി ശക്തമായതോടെയായിരുന്നു 3 മന്ത്രിമാരെ മാലി സർക്കാറിന് പിന്‍വലിക്കേണ്ടി വന്നത്.
മന്ത്രിമാരെ പിന്‍വലിച്ചെങ്കിലും ചൈനയുമായുള്ള ബന്ധം മുയിസു ഒരോ ദിവസവും മെച്ചപ്പെടുത്തി വരികയാണ്. "ഞങ്ങൾ ചെറുതായിരിക്കാം, പക്ഷേ ഞങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് ആർക്കും ഇല്ല" എന്ന പ്രസ്താവനയിലൂടെ മുയിസു ലക്ഷ്യമിടുന്നതും ഇന്ത്യയെയാണ്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ സൈനികർക്ക് മാലിദ്വീപിൽ ഇനിയും തുടരാന്‍ കഴിയില്ലെന്ന് പ്രസിഡൻറ് ഓഫീസിലെ പബ്ലിക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം ഇബ്രാഹിം വ്യക്തമാക്കിയത്.












Click it and Unblock the Notifications