ദീപാവലിക്ക് രാജ്യത്ത് നടന്നത് 5.40 കോടിയുടെ വ്യാപാരം; ഉപഭോക്താക്കള്‍ വാങ്ങിക്കൂട്ടിയത് ഈ സാധനങ്ങള്‍
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഊര്‍ജം പകര്‍ന്ന് ദീപാവലി സീസണില്‍ റെക്കോര്‍ഡ് വ്യാപാരം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനയാണ് വ്യാപാരത്തില്‍ ഉണ്ടായത്. ഇക്കുറി ദീപാവലി സമയത്ത് ഇന്ത്യയില്‍ 5.40 കോടി രൂപയുടെ വ്യാപാരമാണ് നടന്നത്. സേവന മേഖലയില്‍ 65,000 കോടിയുടെ ബിസിനസാണ് നടന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഉത്സവ സീസണില്‍ റീട്ടെയില്‍ മേഖലയാണ് ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചത്. ഇതിനു കാരണം ജിഎസ്ടിയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ പരിഷ്‌കാരങ്ങളാണ്. ഇത് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ ഗുണം ചെയ്തു.
കഴിഞ്ഞ വര്‍ഷം ദീപാവലി സീസണില്‍ 4.25 ലക്ഷം കോടിയുടെ വിറ്റുവരവാണ് ഉണ്ടായത്. ഇതുകൂടാതെ ഉത്സവ സീസണില്‍ തദ്ദേശീയമായി നിര്‍മ്മിച്ച സ്വദേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ഉപഭോക്താക്കള്‍ ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കണ്ടത്.

87 ശതമാനം ഉപഭോക്താക്കളും ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പന്നങ്ങളാണ് തിരഞ്ഞെടുത്തത്. ഇറക്കുമതി ചെയ്ത ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പനയില്‍ കുത്തനെ ഇടിവുണ്ടായി. പ്രധാനമന്ത്രി മുന്നോട്ടുവെച്ച ആത്മനിര്‍ഭര്‍ ഭാരത് ഉപഭോക്താക്കള്‍ ഏറ്റെടുത്തു എന്ന സൂചനയാണ് ഈ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
പരമ്പരാഗത റീട്ടെയില്‍ സ്റ്റോറുകള്‍ ആണ് ഉത്സവ സീസണിലെ വില്‍പനയുടെ 85 ശതമാനവും കയ്യടക്കിയത്. പലചരക്ക്, എഫ്എംസിജി ഉല്‍പ്പന്നങ്ങളാണ് വില്‍പനയില്‍ മുന്നിട്ടു നില്‍ക്കുന്നത്. സ്വര്‍ണവും മറ്റ് വിഭാഗത്തിലുള്ള ആഭരണങ്ങളും വില്‍പ്പനയുടെ 10 ശതമാനം കൈയടക്കി. ഇലക്ട്രോണിക്‌സ് (എട്ട് ശതമാനം), ഉപഭോക്തൃ ഡ്യൂറബിള്‍സ് (ഏഴ് ശതമാനം) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
ഹോം ഡെക്കറേഷന്‍ ഐറ്റംസ്, ഫര്‍ണിച്ചറുകള്‍, പാദരക്ഷകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, മധുര പലഹാരങ്ങള്‍, എരിവുള്ള സ്‌നാക്‌സ്, ദൈനംദിന ഉപയോഗത്തിനുള്ള ഉല്‍ന്നങ്ങള്‍ എന്നിവയുടെ വില്‍പനയിലും വലിയ വര്‍ധനയുണ്ടായി. ജിഎസ്ടി നിരക്ക് കുറഞ്ഞതാണ് ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിക്കാന്‍ കാരണം. താല്‍ക്കാലികമായി 50 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉത്സവ സീസണിന് കഴിഞ്ഞു.
പാക്കേജിങ്, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, യാത്ര, ഇവന്റ് മാനേജുമെന്റ്, ഡെലിവറി നെറ്റ് വര്‍ക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള സേവന വ്യവസായം ഉത്സവ വ്യാപാരത്തിലേക്ക് 65,000 കോടി സംഭാവന ചെയ്തു.
മെട്രോ നഗരങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ വില്‍പനയുടെ 28 ശതമാനം സംഭാവന ചെയ്തത് ഗ്രാമീണ അര്‍ധ നഗര പ്രദേശങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈയൊരു ഉണര്‍വ് വരുന്ന ശൈത്യകാലത്തും വിവാഹ സീസണിലും തുടരുമെന്നാണ് വ്യാപാര മേഖലയുടെ പ്രതീക്ഷ.












Click it and Unblock the Notifications