ഇന്ത്യയിലെ ആദ്യത്തെ ആപ്പിള്‍ സ്റ്റോര്‍ മുംബൈയില്‍; ആരാധകരുടെ സ്‌നേഹത്തില്‍ ഞെട്ടി സിഇഒ ടിം കുക്ക്
മുംബൈ: ആരാധകരുടെ ആരവം, സെല്‍ഫി എടുക്കാന്‍ നൂറുകണക്കിന് ആളുകള്‍. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യാന്‍ മുംബൈയില്‍ എത്തിയ സി ഇ ഒ ടിം കുക്ക് ശരിക്കും ആശ്ചര്യപ്പെട്ടു. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. 28000 സ്‌ക്വയര്‍ഫീറ്റിലുള്ള വമ്പന്‍ ഷോറൂമാണ് ഇന്ന് ആപ്പിള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത്.
ഇതോടൊപ്പം ആപ്പിളിന്റെ ഇന്ത്യയിലെ രണ്ടാമത്തെ റീട്ടെയില്‍ സ്റ്റോര്‍ വ്യാഴാഴ്ച ദില്ലിയില്‍ തുറക്കും. ഉദ്ഘാടനത്തിന് ശേഷം ടിം കുക്ക് ട്വീറ്റില്‍ കുറിച്ചത് ഇങ്ങനെയാണ്, മുംബൈയുടെ ആവേശം അവിശ്വസനീയം എന്ന് അദ്ദേഹം കുറിച്ചു. മുംബൈയില്‍ ഞങ്ങള്‍ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം തുറക്കുന്നതിന്റെ ആവേശത്തിലാണെന്നും അദ്ദേഹം കുറിച്ചു.

തങ്ങളുട ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മികച്ച സര്‍വീസും ഉപഭോക്തൃ സേവനവും വാഗ്ദാനം ചെയ്യുന്നതിന് വേണ്ടിയാണ് പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നത്. വാസ്തുവിദ്യാപരമായി ഒരുപാട് പ്രത്യേകതകളുള്ള ഷോറൂം കൂടിയാണ് മുംബൈയില്‍ തുറന്നിരിക്കുന്നത്. ഇന്ത്യയില്‍ ആപ്പിളിന്റെ രണ്ട് റീട്ടെയില്‍ സ്റ്റോറുകള്‍ തുറന്നത് ടെക് ആരാധര്‍ക്ക് വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ആപ്പിള്‍ ഉത്പന്നം ഉപയോഗിക്കുന്നവരില്‍.
ഗുജറാത്തില്‍ നിന്നും രാജസ്ഥാനില്‍ നിന്നും വരെ ആളുകള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ഉദ്ഘാടനത്തിനായി എത്തിയ ഒരു ആരാധകന്‍ ഒരു വിന്റേജ് ആപ്പിള്‍ കമ്പ്യൂട്ടര്‍ കൊണ്ടുവന്നിരുന്നു. അദ്ദേഹം ഇത് 1984ല്‍ വാങ്ങിയതാണെന്നും പറയുന്നു. 1984ല്‍ ആണ് ഞാന്‍ ആദ്യമായി ആപ്പിള്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നത്. ഇന്നും ഞാന്‍ ആപ്പിള്‍ ഉല്‍പ്പനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതൊരു 2 മെഗാബൈറ്റ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കമ്പ്യൂട്ടറാണ്, എന്നാല്‍ ഇപ്പോള്‍ ആപ്പിള്‍ 4കെ , 8കെ പോലുള്ള റെസല്യൂഷന്‍ ഡിസ്‌പ്ലേകള്‍ നിര്‍മ്മിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റോറിന് മുന്നില്‍ ക്യൂവില്‍ കാത്തുനിന്നവരില്‍ പലരും ഇന്നലെ വൈകുന്നേരം മുതല്‍ കാത്തുനില്‍ക്കുകയാണെന്ന് പറഞ്ഞു. മണിക്കൂറുകളോളം ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ തങ്ങള്‍ സ്റ്റോറിന് പുറത്ത് ക്യാമ്പ് ചെയ്യുകയായിരുന്നുവെന്ന് ഒരു ആരാധകന്‍ പറഞ്ഞു. രാജസ്ഥാനില്‍ നിന്നും വന്ന ഒരു ആരാധകന്‍ ടിം കുക്കിനെ കാണാന്‍ വേണ്ടി മാത്രം വന്നതാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ ആപ്പില്‍ ഉല്‍പ്പനങ്ങള്‍ ഉപയോഗിക്കുന്നു.
ഇന്നത്തെ ദിവസും ഞാന്‍ എന്തെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഉറപ്പില്ല. രാജസ്ഥാനില്‍ നിന്നും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ മുംബൈയിലേക്ക് വിമാനമാര്‍ഗം വഴിയാണ് എത്തിയത്. ഇനി ദില്ലിയിലെ സ്‌റ്റോര്‍ ഉദ്ഘാടനത്തിലും പങ്കെടുക്കുമെന്നും അദ്ദേഹം പറയുന്നു. ആപ്പിള്‍ ഉല്‍പ്പനങ്ങള്‍ ഉപയോഗിച്ചതോടെ എന്റെ ജീവിതം മികച്ചതായെന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം, ദില്ലിയില്‍ എത്തുന്ന കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. ഇന്ത്യയ്ക്കായുള്ള ആപ്പിളിന്റെ പദ്ധതിയെക്കുറിച്ചും സര്‍ക്കാരിന് അവരെ എങ്ങനെ പിന്തുണയ്ക്കാം എന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
2023 ആയതോടെ ഇന്ത്യയില്‍ ആപ്പിള്‍ സാന്നിദ്ധ്യം ഉറപ്പിച്ചിട്ട് 25 വര്‍ഷമാകുകയാണ്. ഈ ആഴ്ച, ആപ്പിള്‍ 25ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, പുതിയ പാരിസ്ഥിതിക സംരംഭങ്ങള്‍ക്കൊപ്പം രാജ്യത്ത് ആദ്യത്തെ ആപ്പിള്‍ സ്റ്റോര്‍ തുറക്കുന്നതിലൂടെ കമ്പനി ഒരു വലിയ വിപുലീകരണം അടയാളപ്പെടുത്തുന്നുണ്ട്.












Click it and Unblock the Notifications