ട്രാക്കിലിറങ്ങി രാജ്യത്തെ ആദ്യത്തെ എല്‍എന്‍ജി ട്രെയിൻ, ഇതിൽ ഡീസലും എല്‍എന്‍ജിയും പോകും, ചിലവ് കുറവ്
ഹൈഡ്രജന്‍ ട്രെയിനിന് ശേഷം ഇന്ത്യന്‍ റെയില്‍വേസ് രാജ്യത്തെ ആദ്യത്തെ എല്‍എന്‍ജി ട്രെയിനും ട്രാക്കില്‍ ഇറക്കിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ഗുജറാത്തിലെ സബര്‍മതി സ്‌റ്റേഷനില്‍ എല്‍എന്‍ജി ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് കൊണ്ട് സുസ്ഥിരമായ ഗതാഗത മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്‍എന്‍ജി ട്രെയിനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
എല്‍എന്‍ജി- ഡീസല്‍ ഡ്യുവല്‍ ഇന്ധന സംവിധാനം ആണ് എല്‍എന്‍ജി ട്രെയിനുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്‍എന്‍ജി ഉപയോഗിച്ചും ഡീസല്‍ ഉപയോഗിച്ചും ഈ തീവണ്ടികളുടെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാനാകും. റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളില്‍ ഡീസലിന്റെ ഉപയോഗവും ഒപ്പം ഇന്ധനച്ചിലവും കുറയ്ക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്.

ഇന്ത്യൻ റെയിൽവേ ഈ പദ്ധതിക്കായി സബർമതി ഇന്റഗ്രേറ്റഡ് കോച്ചിങ് ഡിപ്പോയിൽ രണ്ട് 1400 എച്ച്പി ഡ്രൈവിങ് പവർ കാറുകൾ രൂപമാറ്റം വരുത്തിയിട്ടുണ്ട്. ഈ സംവിധാനത്തിന് ഡീസൽ ഉപയോഗത്തിന്റെ 40 ശതമാനം വരെ കുറച്ച് പകരം എൽഎൻജി ഉപയോഗിക്കാൻ സാധിക്കും. രൂപമാറ്റം വരുത്തിയ ഡിപിസികൾ ഉപയോഗിച്ച് 2000ത്തിലധികം കിലോമീറ്ററുകൾ ഇതിനകം എൽഎൻജി ട്രെയിൻ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
പൂർണ്ണമായും എൽഎൻജിയെ മാത്രം ആശ്രയിക്കേണ്ടി വരുന്നില്ല എന്നത് ഈ ട്രെയിനിന് ഒരു സൗകര്യമാണ്. ഇന്ധനത്തിന്റെ ലഭ്യത അനുസരിച്ച് എഞ്ചിൻ എൽഎൻജിയിലോ ഡീസലിലോ പ്രവർത്തിപ്പിക്കാൻ കഴിയും. എൽഎൻജി സിസ്റ്റം ഉപയോഗിക്കുന്നത് ഇന്ധനച്ചെലവ് കുറയ്ക്കാനും കാർബൺ, നൈട്രജൻ ഓക്സൈഡ്, മാലിന്യപ്പുകയുടെ കണികകൾ എന്നിവ മൂലമുള്ള മലിനീകരണം കുറയ്ക്കാനും സഹായിക്കും.
പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം, ഒരു ഡിപിസി വഴി വർഷത്തിൽ ഏകദേശം 11.9 ലക്ഷം രൂപയും, 8 കോച്ചുകളുള്ള ഒരു ട്രെയിൻ റേക്ക് വഴി വർഷത്തിൽ ഏകദേശം 23.9 ലക്ഷം രൂപയും ലാഭിക്കാൻ സാധിക്കും.
2026 ജൂലൈ 17നാണ് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ജിന്ദിനും സോണിപ്പത്തിനും ഇടയിൽ സർവീസ് ആരംഭിച്ചത്. റെയിൽവേ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ജൂലൈ 25 ആയപ്പോഴേക്കും ഈ ട്രെയിൻ 1200 കിലോമീറ്ററിലധികം ഓടുകയും 3200 ലിറ്ററിലധികം ഡീസൽ ലാഭിക്കുകയും ചെയ്തിട്ടുണ്ട്.
സാധാരണ ഡീസൽ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനം വഴി ഹൈഡ്രജൻ ട്രെയിനുകൾ ട്രെയിനിനുള്ളിൽ വച്ചുതന്നെ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇവയിൽ നിന്ന് പുകയോ കാർബൺ പുറന്തള്ളലോ ഉണ്ടാകുന്നില്ല; ജലബാഷ്പം മാത്രമാണ് ഹൈഡ്രജൻ ട്രെയിനുകൾ പുറത്തുവിടുന്നത്.


Click it and Unblock the Notifications
