ഓപ്പറേഷന്‍ ഗംഗയുടെ വിജയത്തിന് കാരണം ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ആഗോള സ്വാധീനം; നരേന്ദ്ര മോദി
ദില്ലി: യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാനുള്ള ദൗത്യമായ 'ഓപ്പറേഷന്‍ ഗംഗ'യുടെ വിജയത്തിന് കാരണം ആഗോളതലത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പൂനെയില്‍ സിംബയോസിസ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഓപ്പറേഷന്‍ ഗംഗയിലൂടെ നമ്മള്‍ ആയിരക്കണക്കിന് ഇന്ത്യക്കാരെ യുദ്ധമേഖലയില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യുക്രെയ്‌നിലെ യുദ്ധമേഖലയില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അവരുടെ മാതൃരാജ്യത്തേക്ക് തിരികെ കൊണ്ടുവന്നത് ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം മൂലമാണ്. പല വലിയ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗയിലൂടെ, യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്‌നില്‍ കുടുങ്ങിയ 13,700 പൗരന്മാരെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച മുതലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പ്രത്യേക വിമാനം സര്‍വീസ് ആരംഭിച്ചത്.
അതേസമയം, യുക്രൈയിനില്‍ നിന്നു ഡല്‍ഹിയിലും മുംബൈയിലുമെത്തുന്ന മലയാളി വിദ്യാര്‍ഥികളടക്കമുള്ളവരെ നാട്ടിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം 350 പേരെയാണ് കേരളത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനം പുലര്‍ച്ചെ ഒന്നിന് കൊച്ചിയില്‍ എത്തി. ഇതില്‍ 153 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇന്നു ഡല്‍ഹിയില്‍നിന്ന് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യത്തേത് 175 യാത്രക്കാരുമായി ഉച്ചകഴിഞ്ഞു 3.10ന് കൊച്ചിയില്‍ എത്തി. രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം രാത്രി 9:30 ന് 175 യാത്രക്കാരുമായി കൊച്ചിയിലെത്തി. മൂന്നാമത്തെ വിമാനം 180 യാത്രക്കാരുമായി ഡെല്‍ഹിയില്‍ നിന്നും പുറപ്പെട്ടിരുന്നു.
യുക്രെയിനില്‍നിന്നുള്ള രക്ഷാദൗത്യം 'ഓപ്പറേഷന്‍ ഗംഗ' ആരംഭിച്ചതിനു ശേഷം ഇതുവരെ 1,420 പേരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനായി മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലും ഇരു സ്ഥലങ്ങളിലെയും കേരള ഹൗസുകളിലും സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications