കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏതൊക്കെ; ബിജെപിയാണ് കേമന്‍... അറിയാം സമ്പൂര്‍ണ വിവരം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളാണുള്ളത്. എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും. നേരത്തെ സംസ്ഥാനമായിരുന്ന കശ്മീരിനെ 2019ല്‍ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയാണുണ്ടായത്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ രണ്ടിടത്ത് മാത്രമാണ് നിയമസഭയുള്ളത്. ഡല്‍ഹിയിലും പുതുച്ചേരിയിലും. കശ്മീരില്‍ നിയമസഭ വരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവില്‍ വന്നിട്ടില്ല.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മിന്നുന്ന പ്രകടനം കാഴ്ചവച്ചതോടെ ഏതൊക്കെ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് ഭരിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏതൊക്കെ എന്നും തിരയുന്നവരുണ്ട്. ഈ രണ്ട് പാര്‍ട്ടികളുമല്ലാത്തവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുമുണ്ട്. അറിയാം സമ്പൂര്‍ണ വിവരങ്ങള്‍...

കോണ്‍ഗ്രസ് തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങളും സഖ്യം ചേര്‍ന്ന് ഭരിക്കുന്ന സംസ്ഥാനങ്ങളുമുണ്ട്. ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവയാണ് കോണ്‍ഗ്രസ് തനിച്ച് ഭരിക്കുന്നത്. ഈ ഗണത്തിലേക്കാണ് കര്‍ണാടകയും ചേരുക. കര്‍ണാടക ഒഴികെയുള്ള മൂന്ന് സംസ്ഥാനങ്ങളിലായി രാജ്യത്തെ ജനസംഖ്യയുടെ 13 ശതമാനം വരും.
അതേസമയം, ബിഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കൂടി പങ്കാളിത്തമുള്ള സര്‍ക്കാരുകളാണ് ഭരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 17 ശതമാനം ഈ സംസ്ഥാനങ്ങളിലാണ്. അതോടെ കോണ്‍ഗ്രസ് രാജ്യത്തെ 30 ശതമാനം ജനങ്ങളെ ഭരിക്കുന്നു എന്ന് പറയാം. കര്‍ണാടക കൂടി ഇതിലേക്ക് ചേരുമ്പോള്‍ ശതമാനം കൂടും. നേരത്തെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഭരിച്ചിരുന്നു എങ്കിലും അടുത്തിടെ രാഷ്ട്രീയ മാറ്റങ്ങളുണ്ടായി.
ആറ് സംസ്ഥാനങ്ങളിലായി നേരിട്ടും അല്ലാതെയുമായി 30 ശതമാനം ജനങ്ങളെ കോണ്‍ഗ്രസ് നിലവില്‍ ഭരിക്കുന്നുണ്ട്. അതേസമയം, ബിജെപിയുടെ സാന്നിധ്യം ഇതിനേക്കാള്‍ ഉയരത്തിലാണ്. ഒമ്പത് സംസ്ഥാനങ്ങളില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്നു. ആറ് സംസ്ഥാനങ്ങളില്‍ സഖ്യം ചേര്‍ന്നും ഭരിക്കുന്നു. ഏതൊക്കെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്ന് പറയാം.
ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ്, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവയാണ് ബിജെപി തനിച്ച് ഭരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 34 ശതമാനം ഈ ഒമ്പത് സംസ്ഥാനങ്ങളിലാണ്. അതേസമയം, മഹാരാഷ്ട്ര, ഹരിയാന, സിക്കിം, മേഘാലയ, നാഗാലാന്റ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യമാണ് ഭരിക്കുന്നത്. രാജ്യത്തെ 11 ശതമാനം ജനങ്ങള്‍ ഈ ആറ് സംസ്ഥാനങ്ങളിലാണ്.
ബിജെപി നേരിട്ടും അല്ലാതെയുമാണ് 15 സംസ്ഥാനങ്ങള്‍ ഭരിക്കുന്നു. ജനസംഖ്യയുടെ 45 ശതമാനം ഈ സംസ്ഥാനങ്ങളിലാണ്. കോണ്‍ഗ്രസും ബിജെപിയും ഭരിക്കാത്ത സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 25 ശതമാനം ജനങ്ങള്‍. കേരളം, ആന്ധ്ര പ്രദേശ്, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാള്‍, മിസോറാം, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണിത്. ഡല്‍ഹിയിലും പഞ്ചാബിലും എഎപിയാണ് ഭരിക്കുന്നത്.












Click it and Unblock the Notifications