സൗദിയില്‍ നിന്നും റഷ്യയില്‍ നിന്നുമെല്ലാം ക്രൂഡ് ഇനി സ്വന്തം കപ്പലുകളില്‍: ഇന്ത്യക്ക് 85000 കോടിയുടെ പദ്ധതി
ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ഇന്ത്യയിലേക്ക് പ്രധാനമായും ക്രൂഡ് എത്തുന്നത് വിദേശ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ വഴിയാണ്. ഇതുകൊണ്ട് തന്നെ റഷ്യയുമായി ബന്ധംപുലർത്തുന്ന ടാങ്കറുകള്‍ക്കും മറ്റും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയപ്പോള്‍ അത് ഇന്ത്യയേയും ബാധിക്കുന്നു. ഇപ്പോഴിതാ ഇതിന് പ്രതിവിധിയായി സ്വന്തം നിലയ്ക്ക് നൂറിലേറെ ചരക്ക് കപ്പലുകള്‍ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ.
സ്വന്തം ക്രൂഡ് ഓയിൽ ടാങ്കറുകളുടെ ഫ്ലീറ്റ് സ്വന്തമാക്കുന്നതോടെ എനർജി സുരക്ഷ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. നിലവിൽ, സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികൾ പഴക്കം ചെന്ന കപ്പലുകളെയും അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളിൽ നിന്ന് വാടകയ്ക്കെടുത്തവയെയുമാണ് പ്രധാനമായും ഇറക്കുമതിക്ക് ആശ്രയിക്കുന്നത്. എന്നാല്‍ ഇതിന് പകരം കപ്പലുകളുടെ ഉടമസ്ഥാവകാശം, നിയന്ത്രണം, പ്രാദേശിക നിർമാണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പെട്രോളിയം, ഷിപ്പിംഗ് മന്ത്രാലയങ്ങളുടെ നീക്കം.

പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കാനാണ് നീക്കം. ആദ്യഘട്ടത്തിൽ 79 കപ്പലുകൾ വാങ്ങും, ഇതിൽ 30 എണ്ണം മീഡിയം-റേഞ്ച് കാരിയറുകളായിരിക്കും. ഈ മാസം അവസാനം 10 ടാങ്കറുകൾക്കുള്ള ആദ്യ ഓർഡർ നൽകുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ടുകള്‍ പറയുന്നു. 2040 വരെ നീണ്ടുനിൽക്കുന്ന ദീർഘകാല പദ്ധതിയിൽ, 85,000 കോടി രൂപ (ഏകദേശം 10 ബില്യൺ ഡോളർ) നിക്ഷേപത്തോടെ 112 ക്രൂഡ് ഓയിൽ ടാങ്കറുകൾ വാങ്ങാൻ ഇന്ത്യ ലക്ഷ്യമിടുന്നതായും ബ്ലൂംബെർഗിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിദേശ കമ്പനികളുമായി സഹകരിച്ച് നിർമിച്ചവയാണെങ്കിൽ പോലും പ്രാദേശികമായി നിർമിക്കപ്പെടുന്ന കപ്പലുകൾക്ക് മാത്രമേ ഈ കരാറിൽ പരിഗണന ലഭിക്കൂ. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കിടയിലും, വർദ്ധിച്ചുവരുന്ന എനർജി ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യ റിഫൈനിംഗ് ശേഷി വർദ്ധിപ്പിക്കുന്നതും തുടരുകയാണ്. റിഫൈനിംഗ് ശേഷി നിലവിലെ 250 ദശലക്ഷം ടണ്ണിൽ നിന്ന് 2030-ഓടെ 450 ദശലക്ഷം ടണ്ണായി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.
നിലവില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയുടെ ഫ്ലീറ്റിൽ 5% മാത്രമാണ് ഇന്ത്യയിൽ നിർമിച്ച ടാങ്കറുകൾ. 2030-ഓടെ ഇത് 7% ആയും, 2047-ഓടെ 69% ആയും ഉയർത്താൻ സർക്കാർ ഉദ്ദേശിക്കുന്നതായും വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടില്‍ പറയുന്നു. പ്രാദേശിക നിർമാണത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള ഇന്ത്യയുടെ ഈ നീക്കം, എനർജി സുരക്ഷയും സ്വയംപര്യാപ്തതയും ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവയ്പായിരിക്കും. വിദേശ ആശ്രയത്വം കുറയ്ക്കുന്നതിനൊപ്പം, ഈ പദ്ധതി ആഭ്യന്തര ഷിപ്പിംഗ്, നിർമാണ മേഖലകൾക്ക് ഉണർവ് നൽകുകയും ഇന്ത്യയുടെ വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി മുന്നോട്ട് പോകാൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി 2025 മേയ് മാസത്തിൽ പ്രതിദിനം 18 ലക്ഷം ബാരലിലേക്ക് ഉയരുമെന്ന് കപ്പൽ ട്രാക്കിംഗ് ഡാറ്റയായ കെപ്ലർ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആഭ്യന്തര റിഫൈനറികൾ റഷ്യയിൽ നിന്നുള്ള ലൈറ്റ് ഗ്രേഡായ ESPO ബ്ലെൻഡിന്റെ സംഭരണം വർദ്ധിപ്പിച്ചതാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യയിൽ ഈ ഡിമാൻഡ് 2025 ജൂലൈ വരെ തുടരുമെന്ന് വ്യാപാരികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച മാത്രം ഇന്ത്യൻ റിഫൈനറികൾ ജൂൺ ലോഡിംഗിനായി 10-ലധികം ESPO ക്രൂഡ് കാർഗോകൾ ഓർഡർ ചെയ്തിട്ടുണ്ട്.
ഈ വർദ്ധിച്ച ഡിമാൻഡ്, റഷ്യയുടെ "ഷാഡോ ഫ്ലീറ്റ്" എണ്ണ ടാങ്കറുകൾക്കും അനുബന്ധ ധനകാര്യ സ്ഥാപനങ്ങൾക്കുമെതിരെ യൂറോപ്യൻ യൂണിയനും യുകെയും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ്. ഈ ഉപരോധങ്ങൾ ശക്തമായാൽ, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ഗുരുതരമായ പ്രതിസന്ധികൾ ഉണ്ടായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.












Click it and Unblock the Notifications