പാക്കിസ്ഥാന് ഇന്ത്യ വീണ്ടും കത്തയച്ചു; ചര്‍ച്ച ഭീകരവാദത്തെക്കുറിച്ച് മാത്രം
ദില്ലി: കാശ്മീരില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തി ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാനും അതുവഴി ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. കാശ്മീര്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കണമെന്ന പാക്കിസ്ഥാന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം ഇന്ത്യ ഒരിക്കല്‍ക്കൂടി നിരസിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ പാക്കിസ്ഥാനു കത്തയച്ചു.
കാശ്മീര്‍ ഇന്ത്യയുടെതാണെന്ന കാര്യത്തില്‍ കത്തില്‍ വ്യക്തമാക്കുന്നു. കാശ്മീരിനെക്കുറിച്ചല്ല അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. കാശ്മീര്‍ വിഷയം അന്താരാഷ്ട്ര വിഷയമല്ല. കാശ്മീരിലെ പ്രശ്‌നങ്ങള്‍ ഇന്ത്യ പരിഹരിക്കും. അതിന് പാക്കിസ്ഥാന്റെ ഇടപെടല്‍ ആവശ്യമില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

കത്ത് പാക് വിദേശകാര്യസെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരിക്ക് കൈമാറിയതായാണു സൂചന. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമിഷണര്‍ ഗൗതം ബാംബ്‌വാലെ മുഖേനയാണ് കത്ത് കൈമാറിയത്. തുടരെ ഇത് രണ്ടാം തവണയാണ് കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയെ ക്ഷണിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യസെക്രട്ടറി കത്തയക്കുന്നത്.
ഓഗസ്റ്റ് 19 ന് അയച്ച രണ്ടാമത്തെ കത്തിനാണ് ഇപ്പോള്‍ മറുപടി നല്‍കിയത്. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന്‍ തയാറാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ തയാറാകണമെന്നുമായിരുന്നു കത്തിലെ ആവശ്യം.












Click it and Unblock the Notifications