മെയ് 3 വരെയല്ല,'ലോക്ക് ഡൗൺ 10 ആഴ്ചത്തേക്ക് കൂടി നീട്ടണം,ഇല്ലേങ്കിൽ തിരിച്ചടി'; മുന്നറിയിപ്പ്
ദില്ലി; കൊവിഡ് വ്യാപനം ശക്തമായതോടെ രാജ്യത്ത് രണ്ടാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 3 വരെയാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. അതേസമയം ഇന്ത്യയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ഇതോടെ മെയ് 3 കഴിഞ്ഞും ലോക്ക് ഡൗൺ തുടരുമോയെന്ന തരത്തിലുള്ള ആശങ്കകൾ ഉയരുന്നുണ്ട്.
ലോക്ക് ഡൗൺ പിൻവലിച്ചാൽ സ്ഥിതി ഗുരുതരമായേക്കുമോയെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. അതിനിടെ ഇന്ത്യയിൽ 10 ആഴ്ച കൂടി ലോക്ക് ഡൗൺ നീട്ടണമെന്നാണ് മുന്നറിയിപ്പ് . വിശദാംശങ്ങളിലേക്ക്

കൊവിഡ് കുത്തനെ ഉയർന്നു
രാജ്യത്ത് 24 മണിക്കൂറിനിടെ 1486 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 49 പേരാണ് മരിച്ചത്. ബുധനാഴ്ച വരെ രാജ്യത്ത് 430 ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 2 വരെ ഇത് 211 ജില്ലകളിലായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 652 ആയി. ഇതുവരെ 20471 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 15859 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.

രണ്ടാം ഘട്ട ലോക്ക് ഡൗൺ
കൊവിഡിനെ പ്രതിരോധിക്കാൻ മാർച്ച് 25 മുതലാണ് രാജ്യത്ത് ആദ്യമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. 21 ദിവസത്തേക്കായിരുന്നു അടച്ച് പൂട്ടൽ പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് വ്യാപനം ശക്തമായതോടെ ലോക്ക് ഡൗൺ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടുകയായിരുന്നു.

10 ആഴ്ചത്തേക്ക്
അതേസമയം നിലവിലെ സാഹചര്യത്തിൽ മെയ് 3 കഴിഞ്ഞും ലോക്ക് ഡൗൺ ഉയർത്തുമോയെന്നാണ് ഉയരുന്ന ചോദ്യങ്ങൾ. വിലക്കുകൾ ഉടൻ നീക്കരുതെന്നും 10 ആഴ്ചത്തേക്കെങ്കിലും ലോക്ക് ഡൗൺ നീട്ടണമെന്നുമാണ് ലോക പ്രശസ്ത ഹെല്‍ത്ത് ജേണലായ ദി ലാന്‍സെറ്റിന്റെ പത്രാധിപര്‍ റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ പറയുന്നത്.

ശക്തമായ പോരാട്ടം
ഓരോ രാജ്യവും കൊവിഡിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. ഇന്ത്യയിൽ ലോക്ക് ഡൗൺ വിജയകരമാണെങ്കിൽ 10 ആഴ്ച കഴിയുമ്പോഴേക്കും കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടാകും. വൈറസ് വ്യാപനം കുറഞ്ഞാൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മാറ്റാം. എങ്കിലും പൂർണമായും സാധാരണ ഗതിയിൽ എന്ന് പറയാനാകിസ്സ. അതിന് ശേഷവും നമ്മൾ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്, മാസ്ക് ധരിക്കേണ്ടതുണ്ട്, ശുചിത്വം പാലിക്കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നതെന്ന് അറിയാം. നിങ്ങൾ ധൃതി പിടിച്ച് ലോക്ക് ഡൗൺ പിൻവലിച്ചാൽ ആദ്യ വേവിനെക്കാൾ ഗുരുതരമായിരിക്കും രോഗത്തിന്റെ രണ്ടാം വേവ്. അപ്പോൾ വീണ്ടും ലോക്ക് ഡൗണിലേക്ക് മടങ്ങേണ്ടി വരും. ഇപ്പോൾ നിങ്ങൾ ഏറെ ബുദ്ധിമുട്ടി അത് നടപ്പാക്കുന്നുണ്ട്. ഈ ശ്രമങ്ങൾ ഇല്ലാതാക്കരുതെന്ന് റിച്ചാർഡ് ഹോട്ടൺ പറഞ്ഞു.

കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി
അതേസമയം സാഹചര്യം കൂടുതൽ രൂക്ഷമായതോടെ ഏപ്രിൽ 27 ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീണ്ടും കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി. സംസ്ഥാനങ്ങളുടെ നിലപാടുകളുടെ കൂടി അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ നീട്ടുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊണ്ടേക്കും.












Click it and Unblock the Notifications