പാകിസ്താന് മുന്നറിയിപ്പ്: മിസൈല്‍ തൊടുത്ത് ഇന്ത്യ; രാഷ്ട്രപതിയെ കണ്ടു; സർവ്വ കക്ഷി യോഗവും നടക്കുന്നു
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ കൊലപാതകത്തിലേക്ക് നയിച്ച ഭീകരാക്രമണത്തെക്കുറിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിനോട് വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും. രാഷ്ട്രപതി ഭവനിൽ നേരിട്ടെതിയാണ് മുതിർന്ന മന്ത്രിമാർ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചത്. പഹൽഗാം ആക്രമണത്തിന് പിന്നിൽ പാകിസ്താൻ ആണെന്നും ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികളും മന്ത്രിമാർ രാഷ്ട്രപതിയെ അറിയിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
വിഷയത്തില്‍ ഇന്ത്യ ഇതുവരെ സ്വീകരിച്ച നയതന്ത്ര നടപടികളും മന്ത്രിമാർ രാഷ്ട്രതിയെ അറിയിച്ചു. കൂട്ടക്കൊലയ്ക്ക് പിന്നില്‍ പാകിസ്താനുള്ള പങ്കിനേക്കുറിച്ച് വിവിധ രാജ്യങ്ങളോടും ഇന്ത്യന്‍ സർക്കാർ പ്രതിനിധികള്‍ വിശദീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെത്തിയ യുകെ, റഷ്യ, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അംബാസഡർമാരോട് ഭീകരാക്രമണം സംബന്ധിച്ച വിശദാംശങ്ങൾ ഇന്ത്യ കൈമാറിയത്.

സർവ്വ കക്ഷി യോഗം
പഹൽഗാം ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ സർവകക്ഷി യോഗവും വിളിച്ച് ചേർത്തിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം പാർലമെന്റില്‍ ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജാനാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ആരോഗ്യമന്ത്രി ജെ പി നദ്ദ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജ്ജു, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ പ്രധാനപ്പെട്ട മന്ത്രിമാരും കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി രണ്ട് മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് സർവകക്ഷിയോഗം ആരംഭിച്ചത്. ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ സർക്കാർ സ്വീകരിച്ച നടപടികള്‍ കേന്ദ്ര സർക്കാർ പ്രതിനിധികള്‍ കക്ഷി നേതാക്കളെ അറിയിച്ചു. പാർലമെന്ററി പാർടികളുടെ പ്രതിനിധികളെ മാത്രമാണ് സർവകക്ഷിയോഗത്തിൽ വിളിച്ചുചേർത്തിട്ടുള്ളത്. ഇതില്‍ ചെറുകക്ഷികളുടെ ഭാഗത്ത് നിന്നും ചെറിയ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
മിസൈല്‍ പരീക്ഷണം
ഐ എൻ എസ് സൂറത്ത് അറബിക്കടലിൽ നടത്തിയ മീഡിയം-റേഞ്ച് സർഫേസ്-ടു-ഏയർ മിസൈലിന്റെ (MRSAM) പരീക്ഷണ വിജയകരമായതായി നാവിക സേന അറിയിച്ചു. ഇന്ത്യ-പാകിസ്ഥാൻ ബന്ധം അതീവ സങ്കീർണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് ഇന്ത്യയുടെ ഇത്തരമൊരു നീക്കം.കറാച്ചി തീരത്ത് മിസൈല്‍ പരീക്ഷണം നടത്തിയെന്ന് പറഞ്ഞ പാകിസ്താനുള്ള വ്യക്തമായ മറുപടികൂടിയായിട്ടാണ് ഇന്ത്യന്‍ സേനയുടെ നീക്കത്തെ വിലയിരുത്തുന്നത്.
'ഐഎൻഎസ് സൂറത്തിന്റെ ഈ നേട്ടം, ഇന്ത്യൻ നാവികസേനയുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലാണ്' എന്നാണ് വിജയകരമായ പരീക്ഷണത്തിന് പിന്നാലെ നാവിക സേന വക്താവ് ട്വിറ്ററില്‍ കുറിച്ചത്. എതിരാളികളുടെ റഡാര്‍ സംവിധാനങ്ങളെ കബളിപ്പിക്കാന്‍ ജലോപരിതലത്തിന് തൊട്ടുമുകളിലൂടെ സഞ്ചരിച്ച് ആക്രമിക്കുന്ന സീ സ്‌കിമ്മിങ് മിസൈലുകളെ തകര്‍ക്കുന്ന മിസൈലാണ് നാവിക സേന ഇന്ന് പരീക്ഷിച്ചത്.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ഭീകരർ 26 പേരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യ- പാകിസ്താന്‍ ബന്ധം വഷളായത്. ആക്രമണത്തില്‍ 10-ലധികം പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്തു. പാകിസ്താന്റെ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്ന് വ്യക്തമാക്കിയ ഇന്ത്യ 1960-ലെ സിന്ധു നദീജല കരാർ മരവിപ്പിച്ചുകൊണ്ടാണ് നയതന്ത്രപരമായി തിരിച്ചടിച്ചത്. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കൽ, അട്ടാരി ലാൻഡ്-ട്രാൻസിറ്റ് പോസ്റ്റ് അടച്ചുപൂട്ടൽ, പാക് പൗരന്മാർ രാജ്യം വിടണമെന്ന ഉത്തരവും ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പ്രതികരണമായി പാകിസ്താന്‍ 1972-ലെ ഷിംല കരാർ താൽക്കാലികമായി നിർത്തിവെക്കുകയും, ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത അടയ്ക്കുകയും ചെയ്യുന്നതായും പ്രഖ്യാപിച്ചു. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ആക്രമണവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും അവകാശപ്പെടുന്നു.












Click it and Unblock the Notifications