ബംഗ്ലാദേശിന് ഇന്ത്യയുടെ മറുപടി; ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി ഇന്ത്യ
ന്യൂഡല്‍ഹി: ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നുറല്‍ ഇസ്ലാമിനെ വിളിച്ച് വരുത്തി ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മ്മയെ വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി എന്നതും ശ്രദ്ധേയമാണ്.
4,156 കിലോമീറ്റര്‍ ഇന്ത്യ-ബംഗ്ലാദേശി അതിര്‍ത്തിയില്‍ അഞ്ച് പ്രത്യേക സ്ഥലങ്ങളില്‍ വേലി നിര്‍മിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് ബംഗ്ലാദേശ് ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് പ്രണയ് വര്‍മ ധാക്കയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് എത്തിയത്. അതിര്‍ത്തി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഉഭയകക്ഷി കരാറിന്റെ ലംഘനമാണ് ഈ നടപടി എന്നാണ് ബംഗ്ലാദേശ് അവകാശപ്പെടുന്നത്.

ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ജാഷിം ഉദ്ദീനുമായുള്ള പ്രണയ് വര്‍മയുടെ കൂടിക്കാഴ്ച ഏകദേശം 45 മിനിറ്റ് നീണ്ടുനിന്നതായി സര്‍ക്കാര്‍ നടത്തുന്ന വാര്‍ത്താ ഏജന്‍സിയായ ബംഗ്ലാദേശ് സംഗ്ബാദ് സംഗസ്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ധാക്കയ്ക്കും ന്യൂഡല്‍ഹിക്കും ഇടയില്‍ സുരക്ഷയ്ക്കായി അതിര്‍ത്തിയില്‍ വേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് ധാരണകളുണ്ട് എന്നാണ് പ്രണയ് വര്‍മ്മ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.
'ഞങ്ങളുടെ രണ്ട് അതിര്‍ത്തി സേനയും (ബിഎസ്എഫ്, ബിജിബി (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ആന്‍ഡ് ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ്) ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഈ ധാരണ മുന്നോട്ടും ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിര്‍ത്തിയിലെ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് ഒരു സഹകരണ സമീപനം നടപ്പാക്കും,' എന്നായിരുന്നു പ്രണയ് വര്‍മ്മ പറഞ്ഞത്.
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ സുസ്ഥിരമായ നയതന്ത്രബന്ധമാണ് ഉള്ളത്. എന്നാല്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതും പിന്നീട് ഇന്ത്യയില്‍ അഭയം പ്രാപിച്ചതും ധാക്കയിലെ മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാരും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നേരിയ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് കാരണം മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച അസമത്വ കരാറുകളാണ് എന്നാണ് ബംഗ്ലാദേശ് ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ജഹാംഗീര്‍ ആലം ചൗധരി ആരോപിക്കുന്നത്.
ഈ കരാര്‍ അതിര്‍ത്തിയില്‍ നിരവധി സങ്കീര്‍ണതകള്‍ക്ക് കാരണമായി എന്നും മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച ചില സമാനതകളില്ലാത്ത കരാറുകള്‍ കാരണം ബംഗ്ലാദേശ്-ഇന്ത്യ അതിര്‍ത്തിയില്‍ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച മാള്‍ഡയിലെ ബൈഷ്‌നാബ്‌നഗറിലെ സുഖ്‌ദേവ്പൂരില്‍ ഒറ്റവരി മുള്ളുവേലി സ്ഥാപിക്കാനുള്ള ബിഎസ്എഫിന്റെ ശ്രമം ബിജിബി തടഞ്ഞിരുന്നു.
ഇത് പിന്നീട് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയിരുന്നു. ഫെന്‍സിംഗ് ജോലികള്‍ ചൊവ്വാഴ്ച പുനരാരംഭിച്ചെങ്കിലും ഇരു സേനകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്.


Click it and Unblock the Notifications