മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഇന്ത്യാ ടിവി സര്‍വേ.... ബിജെപിക്ക് 128 സീറ്റ് ലഭിക്കും!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആര് ജയിക്കുമെന്ന കാര്യം അപ്രവചനീയമാണെന്ന് ഇന്ത്യാ ടിവി സിഎന്‍എക്‌സ് സര്‍വേ. നിലവില്‍ ചെറിയ മുന്‍തൂക്കം ബിജെപിക്കുണ്ടെങ്കിലും ഇത് മാറി മറിയാമെന്നാണ് മനസ്സിലാവുന്നത്. കോണ്‍ഗ്രസ് വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്. ബിജെപിക്ക് ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയുണ്ടെങ്കിലും വിജയം ആധികാരിമായിരിക്കില്ലെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ബിജെപിക്ക് ഇപ്പോഴുള്ള ഏക പിടിവള്ളിയെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇതുവരെ പുറത്തിറക്കിയ സര്‍വേകളില്‍ എല്ലാം ബിജെപി അധികാരത്തില്‍ വരുമെന്നാണ്. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ള സാധ്യതയും ഇതോടെ തെളിഞ്ഞ് വരുന്നുണ്ട്. ഇവിടെ ജയിച്ചാല്‍ അത് ബിജെപിക്കും നരേന്ദ്ര മോദിക്കുമുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെടും. 2019ല്‍ പ്രതിപക്ഷ ഐക്യം ഉണ്ടെങ്കിലും മോദി തന്നെ അധികാരത്തില്‍ എത്തുമെന്നും ഇതോടെ ഉറപ്പിക്കാം. കാരണം ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനമാണ് മധ്യപ്രദേശ്.

എത്ര സീറ്റ് ലഭിക്കും
ബിജെപിക്ക് 128 സീറ്റാണ് ഇന്ത്യാ ടിവി-സിഎന്‍എക്‌സ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 85 സീറ്റോ അതിലധികമോ ലഭിക്കാം. ബിഎസ്പി എട്ടു സീറ്റുകളും മറ്റുള്ള പാര്‍ട്ടികള്‍ ഒന്‍പത് സീറ്റുകളും നേടും. നിലവിലെ ട്രെന്‍ഡിംഗാണ് ഇത്. എന്നാല്‍ വരുന്ന ദിവസങ്ങളില്‍ ഈ സീറ്റ് വ്യത്യാസം കുറഞ്ഞ് വരുമെന്നാണ് ഇവര്‍ പ്രവചിക്കുന്നത്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ് നൂറിലധികം സീറ്റ് നേടാനുള്ള സാധ്യതയുമുണ്ട്. ഇത് മത്സരം കൂടുതല്‍ കടുപ്പമേറിയതാക്കും.

മാല്‍വയില്‍ വന്‍ തിരിച്ചടി
ബിജെപിയുടെ കരുത്തുറ്റ കോട്ടയായി മാല്‍വി-നിമര്‍ മേഖലയില്‍ വന്‍ തിരിച്ചടിയാണ് ഉണ്ടാവാന്‍ പോകുന്നത്. ഇവിടെ പാര്‍ട്ടിക്ക് 16 സീറ്റുകള്‍ നഷ്ടമാകും. ഇത്തവണ 45 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. 2013ല്‍ ഇവിടെ 61 സീറ്റുകള്‍ ബിജെപിയായിരുന്നു നേടിയത്. കോണ്‍ഗ്രസ് 14 സീറ്റിന്റെ നേട്ടം ഉണ്ടാക്കും. 2013ല്‍ 10 സീറ്റില്‍ ഒതുങ്ങിയ കോണ്‍ഗ്രസ് 24 സീറ്റ് നേടും.

ചൗഹാന്റെ ജനപ്രിയത കുറയുന്നു
ശിവരാജ് സിംഗ് ചൗഹാന്റെ ജനപ്രീതി കുറഞ്ഞുവരികയാണ്. തൊഴിലില്ലായ്മ സംസ്ഥാനത്ത് രൂക്ഷമായെന്നാണ് സര്‍വേയില്‍ പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത 29 ശതമാനവും തൊഴിലവസരങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ആരോപിച്ചു. 27 ശതമാനം പ്രശ്‌നമായി എടുത്ത് കാണിച്ചത് വികസനമാണ്. 12 ശതമാനം അഴിമതിയെയാണ് ചൂണ്ടിക്കാണിച്ചത്. വിലവര്‍ധന, പെട്രോള്‍ ഡീസല്‍ വര്‍ധന എന്നിവയും എടുത്ത് കാണിച്ചു.

മുഖ്യമന്ത്രി ആരാകും
പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചൗഹാനെ തന്നെ മുഖ്യമന്ത്രിയായി കാണാനാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. അതേസമയം മുമ്പ് വന്ന സര്‍വേയില്‍ പറയുന്നത് പോലെ വലിയ ഇടിവ് അദ്ദേഹത്തിന് നേരിട്ടിട്ടുണ്ട്. 30 ശതമാനം അദ്ദേഹത്തിന്റെ പ്രകടനത്തെ മികച്ചതെന്ന് വിലയിരുത്തി. 16 ശതമാനം പേര്‍ ശരാശരിയെന്നാണ് വിശേഷിപ്പിച്ചത്. 22 ശതമാനം അദ്ദേഹം വളരെ മോശം മുഖ്യമന്ത്രിയാണെന്ന് തുറന്നടിച്ചു. ജോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയാവണമെന്ന് 22 ശതമാനം ആഗ്രഹിക്കുന്നുണ്ട്.

തിരിച്ചടി എവിടെയൊക്കെ
ഭാഗല്‍ഖണ്ഡില്‍ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകും. ഇവിടെ ഒന്‍പത് സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പെടും. 25 സീറ്റിലേക്ക് ബിജെപി ഒതുങ്ങും. 2013ല്‍ 34 സീറ്റ് ലഭിച്ചിരുന്നു. കോണ്‍ഗ്രസ് 21 സീറ്റോടെ നേട്ടമുണ്ടാക്കും. ബിഎസ്പിക്കും നാല് സീറ്റ് ലഭിക്കും. അതേസമയം 158 സീറ്റില്‍ ബിജെപിക്ക് കോണ്‍ഗ്രസിന് മുകളില്‍ ലീഡ് ഉണ്ട്. എന്നാല്‍ ഇവിടെയൊക്കെ വലിയ പോരാട്ടം തന്നെ നടക്കും. ബിജെപിക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ 83 സീറ്റുകളാണ് ലഭിക്കാന്‍ സാധ്യതയുള്ളത്. കോണ്‍ഗ്രസിന് 61 സീറ്റ് ലഭിക്കും.

പ്രശ്‌നങ്ങള്‍ നിരവധി
സംസ്ഥാനത്ത് ബിജെപിയുടെ ഭരണത്തില്‍ ഇല്ലാത്ത പ്രശ്‌നങ്ങളില്ലെന്നാണ് ജനങ്ങള്‍ അഭിപ്രായപ്പെട്ടത്. സ്ത്രീ സുരക്ഷയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റവും തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. കര്‍ഷക പ്രക്ഷോഭമുണ്ടായ മന്ദ്‌സോറില്‍ ബിജെപി തകര്‍ന്നടിയാനും സാധ്യതയുണ്ട്. അതേസമയം രാജ്യത്ത് ഏറ്റവുമധികം ബലാത്സംഗങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്കായി കൊണ്ടുവന്ന എല്ലാ കാര്യങ്ങളും പരാജയപ്പെട്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഭോപ്പാലിലും തിരിച്ചടിയുണ്ടാകും
നഗര വോട്ടുകളില്‍ സ്വാധീനം ചെലുത്തുന്ന ഭോപ്പാലിലും ചമ്പലിലും തിരിച്ചടിയുണ്ടാവുമെന്നാണ് സൂചന. ഭോപ്പാലില്‍ ബിജെപി അഞ്ച് സീറ്റുകള്‍ നഷ്ടപ്പെടും. 12 സീറ്റുകളാണ് നേടുക. 2013ല്‍ 17 സീറ്റ് ബിജെപി നേടിയിരുന്നു. കോണ്‍ഗ്രസിന് ഇവിടെ 10 സീറ്റ് ലഭിക്കും. ചമ്പലില്‍ 15 സീറ്റ് ബിജെപിക്ക് ലഭിക്കും. അഞ്ച് സീറ്റ് ഈ മേഖലയില്‍ നഷ്ടമാകും. കോണ്‍ഗ്രസിന് 12 സീറ്റും ബിഎസ്പിക്ക് നാല് സീറ്റ് ലഭിക്കും. മഹാഗോശലില്‍ ബിജെപിക്ക് രണ്ട് സീറ്റ് നഷ്ടമാകും.












Click it and Unblock the Notifications