ഇന്ത്യൻ വാക്സിൻ സ്വീകരിച്ചവരെ യാത്രാ നിരോധനത്തിൽ നിന്ന് ഒഴിവാക്കണം: യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളോട് ഇന്ത്യ
ദില്ലി: യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വാക്സിൻ ഇളവുകൾ ആവശ്യപ്പെട്ട് ഇന്ത്യ. കോവാക്സിൻ, കോവിഷീൽഡ് എന്നീ വാക്സിനുകൾ സ്വീകരിച്ചവരെ യാത്രാവിലക്കിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഇന്ത്യ ഉന്നയിച്ചിട്ടുള്ള ആവശ്യം. കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകളെക്കൂടി യൂണിയൻ അംഗീകാരം നൽകിയ വാക്സിനുകളിലേക്ക് ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മുമ്പാകെ ഇന്ത്യ വെച്ചിട്ടുള്ളത്. ജൂലൈ ഒന്ന് മുതൽ ഈ പരിഷ്കാരം പ്രാബല്യത്തിൽ വരാനിരിക്കെയാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
ഫൈസർ/ ബയോടെക്, മോഡേണ, അസ്ട്രാസെനേക്കയുടെ വാക്സ്സെവ്രിയ, ഓക്സ്ഫോർഡ്, ജോൺസൺ ആൻഡ് ജോൺസന്റെ ജാൻസെൻ, എന്നീ വാക്സിനുകളാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസി അംഗീകരിച്ചിട്ടുള്ളത്. ഈ വാക്സിൻ സ്വീകരിച്ച് പാസ്പോർട്ടുള്ളവർക്ക് മാത്രമാണ് യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

ഇന്ത്യൻ അധികൃതർ കൊവിൻ ആപ്പ് വഴി നൽകുന്ന വാക്സിൻ സർട്ടിഫിക്കറ്റ് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും അംഗീകരിക്കണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിക്കുന്നു. ഇത്തരം സർട്ടിഫിക്കറ്റുകളുടെ ആധികാരികത കൊവിൻ ആപ്പ് വഴി ഉറപ്പാക്കണമന്നും ഇന്ത്യൻ അധികൃതർ പറയുന്നു.
യൂറോപ്യൻ യൂണിയൻ അംഗീകരിക്കുന്ന ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിന് ഇന്ത്യ ഒരു പരസ്പര നയം ഏർപ്പെടുത്തുമെന്ന് ഇന്ത്യ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. യുറോപ്യൻ യൂണിയൻ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുന്നതിനായി കോവിഷീൽഡും കോവാക്‌സിനെയും ഉൾപ്പെടുത്തുകയും ഇന്ത്യൻ കോവിൻ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുകയും ചെയ്താൽ, ഇന്ത്യൻ ആരോഗ്യ അധികൃതർ ബന്ധപ്പെട്ട യൂറോപ്യൻ യൂണിയൻ അംഗരാജ്യത്ത് യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് കൈവശമുള്ള എല്ലാവരേയും നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം യൂറോപ്യൻ യൂണിയനിലെ ഉന്നത പ്രതിനിധികളുനായി ചർച്ച ചെയ്തിട്ടുള്ളത്. ഇറ്റലിയിൽ വെച്ച് നടന്ന ജി 20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യം അദ്ദേഹം ഉന്നയിച്ചത്.












Click it and Unblock the Notifications