Get Updates
Get notified of breaking news, exclusive insights, and must-see stories!

'നികുതി ഇല്ലാതെ അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക്, എതിരെ ഉരിയാടാൻ കെൽപ്പില്ലാതെ മോദി', വിമർശിച്ച് ഐസക്

ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെ വിമർശിച്ച് ഡോ. ടിഎം തോമസ് ഐസക്. കരാർ വിവരം പാർലമെന്റിനെ അറിയിക്കുക പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിട്ടില്ലെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി.

ഇന്ത്യയിലേക്ക് ഒരു നികുതിയുമില്ലാതെ അമേരിക്കൻ ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യണമെന്ന വ്യവസ്ഥ മറയില്ലാതെയുളള അമേരിക്കയുടെ കൊളോണിയൽ ചൂഷണമാണെന്നും അതിനെതിരെ പ്രതികരിക്കാൻ കെൽപ്പില്ലാത്ത പ്രധാനമന്ത്രിയാണ് മോദിയെന്നും തോമസ് ഐസക് ആരോപിക്കുന്നു. മാത്രമല്ല വില കുറഞ്ഞ റഷ്യൻ എണ്ണ വേണ്ടെന്നുവച്ച് വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമ്പോൾ വിലക്കയറ്റമുണ്ടാകുമെന്നും അതിന് ദുരിതം സാധാരണക്കാർ പേറേണ്ടി വരുമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

തോമസ് ഐസകിന്റെ കുറിപ്പ്: '' പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടയിലാണ് മോദിയും ട്രംപും തമ്മിലുള്ള ഡീൽ. ദൗർഭാഗ്യവശാൽ ഇന്ത്യൻ ഭരണഘടന പ്രകാരം അന്തർദേശീയ കരാറിൽ ഏർപ്പെടാൻ പാർലമെന്റിന്റെയോ സംസ്ഥാനങ്ങളുടെയോ അനുവാദം വേണ്ട. ശരി തന്നെ. പക്ഷേ, പാർലമെന്റിനെ അറിയിക്കുകയെങ്കിലും വേണ്ടേ? വേണ്ടെന്നാണ് മോദിയുടെ ചിന്ത. ഞാനും എന്റെ ഫ്രണ്ട് ട്രംപുംകൂടി ഫോണിലൂടെ തീരുമാനിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കും.

India-US trade Deal

മോദി എങ്ങനെയാണ് ട്രംപിന്റെ ഫ്രണ്ട് ആയതെന്നതിന് തെളിവ് എപ്സ്റ്റീൻ ഫയലുകളിലൂടെ പുറത്തുവന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അതിന്റെയൊരു ചമ്മലെങ്കിലും വേണ്ടേ? (എന്തിനു ചമ്മണം? ഏതെങ്കിലും മാധ്യമം ഇത് ചർച്ച ചെയ്യുന്നത് വായിച്ചോ?) പ്രശ്നം ഗൗരവമാണ്. മോദി സമ്മതിച്ച കാര്യങ്ങൾ ട്രംപ് അക്കമിട്ട് പറയുന്നുണ്ട്.

1) അമേരിക്ക ഈടാക്കുന്ന റെസിപ്രോക്കൽ താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു.
2) പകരം ഇന്ത്യ യുഎസ് ഉൽപ്പന്നങ്ങളുടെ താരിഫുകളും മറ്റ് തടസ്സങ്ങളും പൂജ്യത്തിലേക്ക് (ZERO) മാറ്റും.
3) 500 ബില്യൺ ഡോളറിലധികം മൂല്യമുള്ള അമേരിക്കൻ ഊർജ്ജം, സാങ്കേതികവിദ്യ, കൃഷി എന്നിവ വാങ്ങാൻ മോദി സമ്മതിച്ചു.
4) റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനു പകരം വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങും.

ട്രംപിനു നന്ദി പറഞ്ഞ് മോദിയും സാമൂഹ്യമാധ്യമങ്ങളിൽ എഴുതി. പക്ഷേ, ആദ്യത്തെ പോയിന്റ് മാത്രമേ സമ്മതിച്ചിട്ടുള്ളൂ. പിന്നെയുള്ള മൂന്നെണ്ണത്തെക്കുറിച്ച് ഒന്നും ഉരിയാടിയിട്ടില്ല. രാജ്യത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ ഇക്കാര്യങ്ങളെക്കുറിച്ച് അറിയാൻ പാർലമെന്റിനുപോലും അവകാശമുണ്ടെന്ന് ബിജെപി കരുതുന്നില്ല.

എന്താണ് ട്രംപിനെ ഇത്രയേറെ ദേഷ്യപ്പെടുത്തുന്ന ഇന്ത്യയുടെ ഭയങ്കരമാന ഇറക്കുമതിച്ചുങ്കം? 1991-നു മുൻപേ ഇന്ത്യയിലേക്കുള്ള കാർഷിക ഇറക്കുമതി സർക്കാർ ചാനലുകൾ വഴി മാത്രമായിരുന്നു. ലോകവ്യാപാര കരാറിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇത്തരം താരിഫ് ഇതര നിയന്ത്രണങ്ങൾ ഇല്ലാതാക്കി. താരിഫ് പടിപടിയായി കുറച്ചുകൊണ്ടുവന്നു. 200 - 300 ശതമാനം ചുങ്കമുണ്ടായിരുന്നത് 25 - 30 ശതമാനമായി ചുരുക്കി.

ഇത്രയും സംരക്ഷണം നൽകുവാൻ ലോകവ്യാപാര കരാർ സമ്മതിക്കുന്നുണ്ട്. കാരണം പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യപോലുള്ള രാജ്യങ്ങളിലെ ഭൂരിപക്ഷത്തിന്റെ ഉപജീവന മാർഗ്ഗമാണ് കൃഷി. ഈ പ്രത്യേകത മനസിലാക്കികൊണ്ടാണ് ലോകവ്യാപാര കരാറിൽ കൃഷിക്ക് ചില ഇളവുകൾ അനുവദിച്ചത്. ഇപ്പോൾ ട്രംപ് പറയുന്നത് അതും പറ്റില്ല എന്നാണ്. നമ്മുടെ റബ്ബറിന്റെ കാര്യത്തിലെന്നപോലെ മറ്റെല്ലാ കാർഷിക വിളകൾക്കും ചുങ്കം ഇല്ലാതാക്കണം.

നമ്മളെത്തിപ്പെട്ട ഒരു ചതിക്കുഴി നോക്കിക്കേ, സ്വതന്ത്ര വ്യാപാരത്തിന്റെ സങ്കീർത്തനങ്ങൾ പാടി സുഖിപ്പിച്ച് ഐഎംഎഫും, ലോകബാങ്കും, ലോകവ്യാപാര കരാറും നമ്മുടെ സമ്പദ്ഘടനയ്ക്ക് സ്വാതന്ത്ര്യകാലം മുതൽ ഏർപ്പെടുത്തിയ ചുങ്ക സംരക്ഷണം വെട്ടിക്കുറച്ചു. എന്നാൽ ഇപ്പോൾ സ്വതന്ത്ര വ്യാപാരത്തിന്റെ അപ്പോസ്തലന്മാർ കാലുമാറിയിരിക്കുകയാണ്. ഒരു അന്തർദേശീയ കരാറും അവർക്ക് ബാധകമല്ല. മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്താനും വരുതിയിൽ നിർത്താനുമുള്ള ആയുധമായി ചുങ്കത്തെ ഉപയോഗിക്കുകയാണ്. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ചുങ്കം ചുമത്തും.

അമേരിക്കയാണ് ഇപ്പോഴും ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടന. ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യവും അമേരിക്കയാണ്. അവർക്ക് ഒരു സൗകര്യമുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഇറക്കുമതി ചെയ്യണമെങ്കിൽ വിദേശനാണയം നൽകണം. അത് കയറ്റുമതിയിലൂടെയോ വായ്പയിലൂടെയോ നേടണം. പക്ഷേ, അമേരിക്കയ്ക്ക് അങ്ങനെയൊരു പ്രശ്നവുമില്ല. ഡോളറാണ് വിദേശ നാണയം. വ്യാപാരകമ്മി നികത്താൻ കൂടുതൽ ഡോളർ പുറത്തിറക്കിയാൽ മതി.

അമേരിക്കയുടെ ഒരു ഹുങ്ക് നോക്കിക്കേ. ഇന്ത്യയ്ക്കു നേരെ 50 ശതമാനം ചുങ്ക ഉപരോധം. അത് ഇപ്പോൾ 18 ശതമാനമായി കുറയ്ക്കാമെന്നാണ് വാഗ്ദാനം. പക്ഷേ, ഇന്ത്യയിലേക്ക് ഒരു നികുതിയുമില്ലാതെ അമേരിക്കൻ ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്തുകൊള്ളണം. മറയില്ലാത്തെ കൊളോണിയൽ ചൂഷണത്തിനാണ് അമേരിക്ക കച്ചകെട്ടിയിരിക്കുന്നത്. ഇതിനെതിരെ ഉരിയാടാൻ കെൽപ്പില്ലാത്ത പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത്.

ഇപ്പോൾ മോദി ഭക്തർ പറയുന്നത് കാർഷിക ചുങ്കം ഒറ്റയടിക്ക് പൂജ്യം ആക്കില്ല. പടിപടിയായേ കുറയ്ക്കൂ. ഇന്ത്യൻ കൃഷിക്കാരുടെ തല ഒറ്റയടിക്ക് വെട്ടില്ല. പതിയെ പതിയെ കൊല്ലുകയുള്ളൂ. ഇങ്ങനെ എത്ര കോടിയുടെ ചരക്ക് വാങ്ങണം? 500 ബില്യൺ ഡോളർ ചരക്കുകൾ ഇറക്കുമതി ചെയ്യണം. ഇതിനുള്ള പണം എവിടെ നിന്ന്? സാധനങ്ങൾ വില കുറച്ചു വിറ്റ് വിദേശ നാണയം നേടണം. അതല്ലെങ്കിൽ കടം വാങ്ങണം. രണ്ടിന്റെയും ഭാരം അവസാനം പേറുക ഇന്ത്യയിലെ സാധാരണക്കാർ ആയിരിക്കും.

വില കുറഞ്ഞ റഷ്യൻ എണ്ണ വേണ്ടെന്നുവച്ച് വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമ്പോൾ എന്ത് സംഭവിക്കും? എണ്ണ വില ഉയരും. വിലക്കയറ്റമുണ്ടാകും. അതിന്റെയും ദുരിതം പേറുക സാധാരണക്കാർ ആയിരിക്കും. ഇതൊന്നും പാർലമെന്റിൽ ചർച്ച ചെയ്യണ്ട. ഈ ബിജെപിക്കാരെപ്പോലെ ദേശദ്രോഹികളെപ്പോലെ വേറെ കണ്ടെത്താനാകുമോ?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+