പാലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മരിച്ച നിലയിൽ; അന്വേഷണത്തിന് ഉത്തരവിട്ട് പാലസ്തീൻ സർക്കാർ
ദില്ലി; പാലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യ മരിച്ച നിലയിൽ. രാമല്ലയിലെ എംബസി ആസ്ഥാനത്താണ് ഞായറാഴ്ച ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. പാലസ്തീൻ സർക്കാർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ആര്യയുടെ മരണത്തിൽ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ നടുക്കം രേഖപ്പെടുത്തി. വളരെ മികച്ച ഉദ്യോഗസ്ഥനായിരുന്നു ആര്യ, അദ്ദേഹത്തിന്റെ ബന്ധുക്കളുടേയും കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു, എസ് ജയശങ്കർ ട്വീറ്റ് ചെയ്തു.
2008 ബാച്ച് ഇന്ത്യൻ ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥനാണ് ആര്യ.

അതേസമയം ആര്യയുടെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും പാലസ്തീൻ ഭരണകുടം അറിയിച്ചു. വേദനാജനകമായ വാർത്ത വന്നയുടൻ, ആരോഗ്യ-ഫോറൻസിക് മെഡിസിൻ മന്ത്രാലയത്തിന് പുറമെ പോലീസ് ഉൾപ്പെടെയുള്ള പൊതു സുരക്ഷാ അധികൃതരോടും സംഭവ സ്ഥലത്ത് എത്തി ഉചിതമായ നടപടികൾ കൈക്കൊള്ളാൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യയും അടിയന്തര നിർദ്ദേശം നൽകിയതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.ആര്യയുടെ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
മോസ്കോയിലെ കാബൂളിലെ ഇന്ത്യൻ എംബസികളിലും ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്തും ആര്യ സേവനമനുഷ്ഠിച്ചിട്ടുണ്ട്.പാരീസിലെ യുനെസ്‌കോയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സംഘത്തിലും ആര്യ സേവനമനുഷ്ഠിച്ചിരുന്നു.












Click it and Unblock the Notifications