ഋഷഭ് പന്തിന്റെ പാസ്റ്റിക് സര്‍ജറി കഴിഞ്ഞു; എംആര്‍ഐ ഫലം പുറത്ത്
ന്യൂദല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെ പരിശോധനാഫലങ്ങള്‍ പുറത്ത്. വെള്ളിയാഴ്ച രാവിലെ ആണ് ഋഷഭ് പന്തിന് കാറപകടത്തില്‍ ഗുരുതര പരിക്കേറ്റത്. ഋഷഭ് പന്ത് സഞ്ചരിച്ച ബി എം ഡബ്ല്യു കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയും തീ പിടിക്കുകയുമായിരുന്നു. നിലവില്‍ ഋഷഭ് പന്തിന്റെ ആരോഗ്യനിലയില്‍ പേടിക്കേണ്ട സാഹചര്യമില്ല എന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ഋഷഭ് പന്തിന്റെ തലച്ചോറിന്റെയും നട്ടെല്ലിന്റെയും എം ആര്‍ ഐ പരിശോധന നടത്തിയിരുന്നു. ഇത് പ്രകാരം ശരീരത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ് എന്നാണ് റിപ്പോര്‍ട്ട്. മുഖത്തെ മുറിവുകള്‍, ഉരച്ചിലുകള്‍ എന്നിവയ്ക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തിയ ഋഷഭ് പന്ത് ശനിയാഴ്ച കണങ്കാലിലും കാല്‍മുട്ടിലും എം ആര്‍ ഐ ചെയ്യും. മാരകമായ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് ഋഷഭ് പന്ത് രക്ഷപ്പെട്ടത്.

കാര്‍ റോഡ് ബാരിയറില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ശക്തിയില്‍ ഡിവൈഡറില്‍ ഇടിച്ച് മിനിറ്റുകള്‍ക്കകം പന്തിന്റെ കാര്‍ കത്തിനശിച്ചു. പരിക്കേറ്റ ഋഷഭ് പന്ത് കാറിന്റെ ചില്ലുകള്‍ തകര്‍ത്താണ് രക്ഷപ്പെട്ടത്. ഋഷഭ് പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും വലത് കാല്‍മുട്ടില്‍ ലിഗമെന്റിന് പൊട്ടലും വലത് കൈത്തണ്ടയ്ക്കും കണങ്കാലിനും കാല്‍വിരലിനും പരിക്കും ആണ് ഉള്ളത്.

മുതുകില്‍ പൊള്ളലേറ്റ പരിക്കുകളുണ്ടെന്ന് ബി സി സി ഐ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ ഋഷഭ് പന്തിനെ ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പന്തിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മാക്‌സ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ആശിഷ് യാഗ്നിക് പറഞ്ഞു.

ഋഷഭ് പന്തിന്റെ ചികിത്സാ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ ഡെറാണില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ നര്‍സനില്‍ വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. മാതാപിതാക്കളെ കാണുന്നതിനായി സ്വയം വാഹനമോടിച്ച് വരികയായിരുന്നു ഋഷഭ് പന്ത്.

മെഴ്‌സിഡസിന്റെ ജി എല്‍ ഇ ബെന്‍സ് കാറായിരുന്നു ഋഷഭ് പന്ത് ഉപയോഗിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഏകദേശം 5.30 ഓടെയാണ് അപകടമുണ്ടാകുന്നത്. ഡിവൈഡറിലിടിച്ച വാഹനം പെട്ടെന്ന് കത്തുകയായിരുന്നു. അതുവഴി പോയ ലോറി ഡ്രൈവറും ശബ്ദം കേട്ട് ഒാടിയെത്തിയവരും ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications