യുക്രൈനിലെ സ്ഥിതി രൂക്ഷം: ഇന്ത്യൻ എംബസി പോളണ്ടിലേക്ക് മാറ്റി
ന്യൂഡൽഹി: റഷ്യൻ യുക്രൈൻ യുദ്ധം രൂക്ഷമാകുന്നതിനെ തുടർന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് മാറ്റി. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. യുക്രൈനിലെ സ്ഥിതിഗതികൾ മോശമാകുന്ന സാഹചര്യത്തിലും റഷ്യയുടെ അധിനിവേശം പടിഞ്ഞാറൻ യുക്രൈനിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലുമാണ് തീരുമാനമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
യുക്രൈനിലെ സാഹചര്യത്തെ അടിസ്ഥാനമാക്കി എടുക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യാനും സാഹചര്യങ്ങൾ വിലയിരുത്താനും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ഈ യോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിച്ച ഓപ്പറേഷൻ ഗംഗയെപ്പറ്റിയും യോഗത്തിൽ വിലയിരുത്തി.

രണ്ട് ആഴ്‌ചയായി നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ ഇതിനകം 15,00 യുക്രൈൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്. കീവ് കീഴടക്കാനുള്ള പോരാട്ടം റഷ്യ കടുപ്പിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതേ സമയം യുദ്ധം അവസാനിപ്പിക്കാനായി ഇസ്രയേൽ മധ്യസ്ഥത വഹിക്കണമെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലൻസ്‌കി ആവശ്യപ്പെട്ടു. ജെറുസലേമിൽ വച്ച് സമാധാന ചർച്ചക്ക് തയ്യാറാണെന്ന് സെലൻസ്‌കി അറിയിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ലക്ഷ്യത്തോടെ ഇതിനകം നിരവധി ചർച്ചകൾ നടന്നിരുന്നു. ഫ്രാൻസ്, ജർമൻ തുടങ്ങിയ രാജ്യങ്ങളിലെ തലവൻമാർ ഇതിനകം നിരവധി തവണ പുടിനുമായും സെലൻസ്‌കിയുമായും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചകൾ ഫലം കാണാത്തതിനെ തുടർന്നാണ് നേരിട്ട് ചർച്ചക്ക് തയ്യാറാണെന്ന് സെലൻസ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നതാണ് യുക്രൈൻ മുന്നോട്ട് വക്കുന്ന പ്രധാന ആവശ്യം. വൻ സന്നാഹങ്ങളോട് കൂടിയ റഷ്യൻ സേനയുടെ ഉപഗ്രഹ ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
കീവിലെ വാസിൽകീവ് മേഖലയിലെ യുക്രൈനിയൻ എയർബേസിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തിയെന്ന് മേഖലയിലെ മേയറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആളുകൾ കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങളിൽ രക്ഷാദൗത്യ സമയത്തും റഷ്യൻ സേന ആക്രമണം നടത്തുകയാണെന്നും ശനിയാഴ്‌ച മാത്രമായി 13,000ത്തോളം പേരെ നഗരങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രി വ്യക്തമാക്കി.
റഷ്യൻ സേനയുടെ ഷെല്ലാക്രമണത്തിൽ മരിയപോളിൽ മാത്രമായി 1582 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് നിരന്തരമായി ഷെല്ലാക്രമണം നടക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതേ സമയം യുക്രൈൻ സേന സ്വന്തം ജനങ്ങൾക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് റഷ്യ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളെ യുക്രൈനും പാശ്ചാത്യ രാജ്യങ്ങളും തള്ളിക്കളഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications