യുഎസ് തടങ്കല്‍പ്പാളയത്തില്‍ തങ്ങളുടെ തലപ്പാവ് ചവറ്റുകൊട്ടയില്‍ എറിഞ്ഞു; ആരോപണവുമായി സിഖ് യുവാവ്
ഡല്‍ഹി: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ മാതൃരാജ്യത്തേക്ക് തിരിച്ചയച്ച അമേരിക്കന്‍ ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ രീതിയില്‍ രാജ്യത്തൊട്ടാകെ വിമര്‍ശനം ഉയരുമ്പോഴും ആ സമീപനത്തിന് മാറ്റമുണ്ടാകുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശനിയാഴ്ച്ച രാത്രി അമൃത്സറിലെത്തിയ യു.എസ് സൈനിക വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരും സമാനമായ അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. 112 പേരെയാണ് ശനിയാഴ്ച്ച എത്തിച്ചത്. അതില്‍ സിഖ് യുവാക്കളെ തലപ്പാവ് ധരിക്കാന്‍ അനുവദിച്ചില്ലെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് അവര്‍ ഉയര്‍ത്തുന്നത്.
യു.എസില്‍ നിന്ന് ഇന്ത്യയിലെത്തിയ ആദ്യ രണ്ട് സേനാ വിമാനങ്ങളിലും ഉണ്ടായിരുന്ന അനധികൃത കുടിയേറ്റക്കാരെ കൈകാലുകള്‍ ബന്ധിച്ച് വിലങ്ങണിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് സിഖുകാരെ തലപ്പാവ് ധരിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണങ്ങളും പുറത്തുവരുന്നത്. ഇതില്‍ പ്രതിഷേധവുമായി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) രംഗത്തുവന്നു. അമൃത്സര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സിഖുകാര്‍ക്ക് എസ്ജിപിസി പ്രവര്‍ത്തകര്‍ തലപ്പാവ് വിതരണം ചെയ്തു.

തലപ്പാവ് ധരിക്കാതെ വിമാനത്താവളത്തില്‍ ഇറങ്ങുന്ന സിഖുകാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേര്‍ തലപ്പാവില്ലാതെ തറയില്‍ ഇരിക്കുന്നതും വീഡിയോകളില്‍ കാണാം.
വിമാനത്താവളത്തില്‍ ഇറങ്ങിയ ജതീന്ദര്‍ സിങ് എന്ന 23 കാരന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് രണ്ടാഴ്ച തങ്ങള്‍ തടങ്കല്‍പ്പാളയത്തില്‍ കഴിഞ്ഞതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചു. തങ്ങളെ പീഡിപ്പിച്ചതായും ശരിയായി ഭക്ഷണം ലഭിച്ചില്ലെന്നും ജതീന്ദര്‍ സിങ് പറഞ്ഞു. ഇതുകൂടാതെ യുഎസ് സൈനികര്‍ തന്റെ തലപ്പാവ് തലയില്‍ നിന്നെടുത്ത് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു.
അമൃത്സറില്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഇല്ലാത്തതിനാലാണ് കഴിഞ്ഞ വര്‍ഷം വിദേശത്തേക്കു പോയത്. കുടുംബം പോറ്റാനാണ് അമേരിക്കയിലേക്കു പോയത്. അവിടെ സ്ഥിരതാമസമാക്കാനാണ് ആഗ്രഹിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 27 ന് യുഎസ് അതിര്‍ത്തിയില്‍ പ്രവേശിക്കുമ്പോള്‍ പിടിക്കപ്പെട്ടു. തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് ഒരു തടങ്കല്‍പ്പാളയത്തിലേക്ക് അയച്ചു. അവിടെ വച്ച് എന്റെ എതിര്‍പ്പ് വകവയ്ക്കാതെ തലപ്പാവ് അഴിച്ചുമാറ്റി. വിസമ്മതിച്ചപ്പോള്‍ അത് അവരുടെ നിയമമാണെന്ന് പറഞ്ഞു. തലപ്പാവ് ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു. തുടര്‍ന്നുള്ള യുഎസ് സൈനിക വിമാനത്തിലെ 36 മണിക്കൂര്‍ നീണ്ട യാത്ര ഭയാനകമായിരുന്നുവെന്ന് ജതീന്ദര്‍ സിങ് പറഞ്ഞു.
നാടുകടത്തപ്പെട്ട 16 പേരില്‍ 65 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരും 33 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരും എട്ട് പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരും രണ്ട് പേര്‍ വീതം ഉത്തര്‍പ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഒരാള്‍ വീതം ഹിമാചല്‍ പ്രദേശ് ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്.
സിഖുകാരെ തലപ്പാവ് ധരിക്കാതെ നാടുകടത്തിയതിനെ ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങും മജീദിയയും ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിയും അപലപിച്ചു. അനധികൃത കുടിയേറ്റക്കാരെ ചങ്ങലകളില്‍ ബന്ധിച്ചതും സിഖുകാര്‍ക്ക് തലപ്പാവ് നിഷേധിച്ചതും ഖേദകരമാണെന്ന് എസ്ജിപിസി ജനറല്‍ സെക്രട്ടറി ഗുര്‍ചരണ്‍ സിങ് ഗ്രേവാള്‍ പ്രതികരിച്ചു. ഈ വിഷയം എസ്ജിപിസി യുഎസ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications