സൈന്യത്തിന്റെ വിരമിക്കല്‍ പ്രായം കൂട്ടും; പെന്ഷന് കുറക്കും
ന്യൂഡല്‍ഹി: സൈനിക ഉദ്യോഗസ്ഥരുടെ പെന്ഷന് പ്രായം ഉയര്‍ത്താനും നേരത്തെ വിരമിക്കുന്നവരുടെ പെന്ഷന് പകുതിയായി കുറക്കാനും കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. സൈനിക മേധാവി വിപിന്‍ റാവത്തിന്റെ നേതൃത്വത്തിലുള്ള മിലിറ്ററി കാര്യ വകുപ്പാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
കേണല്‍,ജനറല്‍,ബ്രിഗേഡിയര്‍,മേജര്‍ ജനറല്‍ എന്നിവരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ലോജിസറ്റിക്സ് ടെക്നിക്കല്‍,മോഡിക്കല്‍ ബ്രാഞ്ചില്‍പ്പെട്ട ജൂനിയര്‍ കമ്മിഷന്‍സ് ഓഫീസര്‍ എന്നിവരുടെ പ്രായം 57 ആക്കാനാണ് ശുപാര്‍ശ. കരസേനയിലെ ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍, ആര്‍മി സര്‍വീസ് കോര്‍, ആര്‍മി ഓര്‍ഡിനന്‍സ് കോര്‍ വിഭാഗക്കാര്‍ക്കും വിരമിക്കല്‍ പ്രായം 57 ആക്കും.
ചെറിയ പ്രായത്തില്‍ തന്നെ പലരും മുഴുവന്‍ പെന്‍ഷനുമായി വിരമിക്കുന്നതിനാല്‍ വന്‍ ബാധ്യതയാണ് സൈന്യത്തിനുണ്ടാകുന്നത്. ഇക്കാരണത്താല്‍ നാല് സ്ലാബുകളിലായാണ് പെന്ഷന് പരിഷ്കരണം. 20-25 വര്‍ഷ സേവനം: നിലവില്‍ അനുവദിക്കുന്നതിന്റെ 50 ശതമാനം പെന്ഷന്, 26-30വര്‍ഷ സേവനത്തിന് 60 ശതമാനം പെന്ഷന് 31-35 വര്‍ഷത്തെ സേവനത്തിന് 75 ശതമാനം പെന്ഷന്, 35 വര്‍ഷത്തിന് മുകളില്‍ 100 ശതമാനം പെന്ഷന് എന്നിങ്ങനെയാണ് നിര്‍ദേശം.
എന്നാല്‍ സൈനികരുടെ പെന്ഷന് വെട്ടിച്ചുരുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു. പെന്ഷന് തട്ടിയെടുത്ത് ധീരരായ സൈനികരുടെ മനോവീര്യം തകര്‍ക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബി ജെ പി സര്ക്കാാരിന്റെ വ്യാജ ദേശീയത വെളിപ്പെടുന്നതാണ് ഈ തീരുമാനമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പത്ര സമ്മേളനത്തില്‍ പറഞ്ഞു.
പുതിയ നിര്‍ദേശമനുസരിച്ച് സായുധ സേനയില്‍ 35 വര്‍ഷത്തിലേറെ ചിലവഴിച്ച ഉദ്യോഗസ്ഥര്‍ക്കു മാത്രമേ പെന്ഷന് ലഭിക്കൂ. കരസേനയിലെ 90 ശതമാനവും 35 വര്‍ഷത്തെ സേവനത്തിനു മുന്‍പ് വിരമിക്കുന്നവരാണ്. കരസേനയില്‍ ചേരുന്ന സമയത്ത് ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലെ ഓരോ ഉദ്യോഗസ്ഥനും 20 വര്‍ഷത്തെ നിര്‍ബന്ധിത സേവന ബോണ്ടില്‍ ഒപ്പിടണം. ഉദ്യോഗസ്ഥന് അവസാന ശമ്പളത്തിന്റെ 50 ശതമാനമാണ് പെന്ഷന് ലഭിക്കുന്നത്. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശമനുസരിച്ച് അതിന്റെ 50ശതമാനവും സര്‍ക്കാര്‍ തട്ടിയെടുക്കുമെന്നും സുര്‍ജേവാല പറഞ്ഞു.
എന്നാല്‍ കരസേന ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം കൂട്ടാനും നേരത്തെ വിരമിക്കുന്നവരുടെ പെന്ഷന് കുറക്കാനുമുള്ള തീരുമാനം മുന്‍നിര പോരാളികളായ സൈനികരുടെ ക്ഷേമം ലക്ഷ്യമിട്ടാണെന്ന് സംയുക്ത സേനാ മേധാവി വിപിന്‍ റാവത്ത് പറഞ്ഞു. സമ്പൂര്‍ണ പെന്‍ഷനോടെ വിരമിച്ച് പുറത്ത് അവസരങ്ങള്‍ തേടുന്നവര്‍ മാത്രമാണ് പുതിയ തീരുമാനത്തില്‍ അസംതൃപ്തരാകൂ എന്നും വിപിന്‍ റാവത്ത് വ്യക്തമാക്കി.