തുടര്‍ച്ചയായി അപകടം: നാവികസേനാ മേധാവി രാജിവച്ചു
ദില്ലി: ഏഴുമാസമായി നാവിക സേനയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാവിക സേനാ മേധാവി ഡി കെ ജോഷി രാജിവച്ചു. രാജി സ്വീകരിച്ച പ്രതിരോധ മന്ത്രാലയം നാവികസേന താത്കാലിക മേധാവിയായി വൈസ് അഡ്മിറല്‍ ആര്‍ കെ ധുവാനെ ചുമതലപ്പെടുത്തി.
സ്ഥാനമൊഴിയാന്‍ ഒരു വര്‍ഷം കൂടിയുള്ളപ്പോഴാണ് ഡി ക േെജാഷിയുടെ രാജി. ഇന്ത്യന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ സുരക്ഷവീഴ്ചയുടെ പേരില്‍ സേനമേധാവി രാജിവയ്ക്കുന്നത്. 2012 ആഗസ്ത് 31നായിരുന്നു അഡ്മിറല്‍ ഡി കെ ജോഷി നാവിക സേന മേധാവിയായി ചുമതലയേല്‍ക്കുന്നത്.

ബുധനാഴ്ച രാവിലെ മുംബൈയില്‍ എന്‍ എസ് എസ് സിന്ധുരത്‌ന മുങ്ങിക്കപ്പലിലുണ്ടായ വാതക ചോര്‍ച്ചയിലും തീപ്പിടിത്തത്തിലും രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ കാണാതായിരുന്നു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് ഡി കെ ജോഷി രാജി വച്ചത്.
അറ്റകുറ്റ പണികള്‍ക്ക് ശേഷം പ്രവര്‍ത്തന ക്ഷമത പരിശോധിക്കുന്നതിനായി മുംബൈയി തീരത്തുനിന്നും അമ്പത് കിലോമീറ്റര്‍ അകലെ എത്തിച്ചപ്പോഴാണ് കപ്പലില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. പരീക്ഷണ ഘട്ടത്തിലായതിനാല്‍ കപ്പലില്‍ ആയുധങ്ങളോ വെടിമരുന്നുകളോ ഒന്നും ഉണ്ടായിരുന്നില്ല. ഏഴ്മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ അന്തര്‍വാഹിനി അപകടമാണിത്. ഇന്ത്യന്‍ നാവിക സേനയെ സംബന്ധിച്ചിടത്തോളം പത്താമത്തെയും.
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ നാവിക സേനയുടെ മുങ്ങിക്കപ്പലായ ഐ എന്‍ എസ് സിന്ദു രക്ഷകില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 18 സൈനികര്‍ മരിച്ചിരുന്നു. നാവിക സേനയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്.












Click it and Unblock the Notifications