ഇന്ത്യന്‍ നേവി നിര്‍മിച്ച ഡോക്യുമെന്ററി 'ജല്‍കന്യ' നാവിക സേനാ ദിനത്തില്‍ അനാച്ഛാദനം ചെയ്യും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന ക്യാമ്പെയ്നില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ജല്‍കന്യ' എന്ന ഡോക്യുമെന്ററി നാവിക സേനാ ദിനത്തില്‍ അനാച്ഛാദനം ചെയ്യും. ഡോക്യുമെന്ററിയുടെ നിര്‍മാണം ഇന്ത്യന്‍ നേവിയാണ് നിര്‍വഹിച്ചിരിക്കുന്നത്. ചലച്ചിത്ര നിര്‍മ്മാതാക്കളായ സഞ്ജീവ് ശിവനും ദീപ്തി ശിവനും ചേര്‍ന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഡിസംബര്‍ നാലിന് തിരുവനന്തപുരത്താണ് ഔദ്യോഗികമായി അനാച്ഛാദനം ചെയ്യുന്നത്. ഇന്ത്യന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച 'ജല്‍കന്യ' ഇന്ത്യയിലുടനീളമുള്ള പെണ്‍കുട്ടികളുടെ ചൈതന്യം, സര്‍ഗാത്മകത, പ്രതിരോധ ശേഷി എന്നിവയെ ആഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യന്ന സംരംഭമാണ്.

ഈ സംരംഭത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള നാവിക സ്‌കൂളുകളില്‍ നിന്നുള്ള 25 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് അവരെ അഞ്ച് ദിവസത്തെ ചലച്ചിത്ര വര്‍ക്ക്ഷോപ്പില്‍ പങ്കെടുപ്പിച്ചു. മുംബൈയില്‍ നടന്ന ചലച്ചിത്ര വര്‍ക്ക്ഷോപ്പിന് ആമിര്‍ ഖാന്‍, അനുരാഗ് കശ്യപ്, ശങ്കര്‍ മഹാദേവന്‍, ജാവേദ് ജാഫേരി, ശ്രീകര്‍ പ്രസാദ് എന്നിവരുള്‍പ്പെടെ ഇന്ത്യന്‍ ചലച്ചിത്ര-സംഗീത മേഖലയിലെ ഏറ്റവും പ്രമുഖരായ വ്യക്തികളാണ് നേതൃത്വം നല്‍കിയത്.
വര്‍ക്ക്ഷോപ്പിന് ശേഷം 25 വിദ്യാര്‍ത്ഥികളും തങ്ങളുടെ സ്വന്തം കാഴ്ചപ്പാടുകളും കഥകളും പ്രതിഫലിപ്പിക്കുന്ന സ്വന്തം ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിച്ചത് വര്‍ക്ക്ഷോപ്പിന്റെ നേട്ടമായി മാറി.
സിനിമ എന്ന മാധ്യമത്തിലൂടെ യുവശബ്ദങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ നാവികസേനയുമായി സഹകരിച്ച് ചലച്ചിത്ര നിര്‍മ്മാതാവായ സഞ്ജീവ് ശിവന്‍ ജല്‍കന്യ എന്ന ഡോക്യുമെന്ററി നിര്‍മിച്ചത്.

പെണ്‍കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയാണ് 'ബേട്ടി ബച്ചാവോ'. ഈ ക്യാമ്പെയ്‌ന്റെ മൂലക്കല്ലാണ് 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' (മകളെ രക്ഷിക്കൂ, അവളെ പഠിപ്പിക്കൂ) എന്ന മുദ്രാവാക്യം. 2015 ജനുവരി 22 ന് ഹരിയാനയിലെ പാനിപ്പത്തിലാണ് ഈ കാമ്പെയ്ന്‍ ആരംഭിച്ചത്.
കാമ്പെയ്നിന്റെ പ്രധാന ലക്ഷ്യങ്ങള്‍:
- ലിംഗപരമായ പക്ഷപാതം തടയുക
- പെണ്‍കുട്ടിയുടെ അതിജീവനവും സംരക്ഷണവും ഉറപ്പാക്കുക
- എല്ലാ മേഖലകളിലും പെണ്‍കുട്ടിയുടെ വിദ്യാഭ്യാസവും പങ്കാളിത്തവും ഉറപ്പാക്കുക
പെണ്‍മക്കളെ ബഹുമാനിക്കാനും സംരക്ഷിക്കാനും ശാക്തീകരിക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ദേശീയ പരിപാടി കൂടിയാണിത്.












Click it and Unblock the Notifications